സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായി. പലയിടത്തും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലേക്കുള്ള നീരൊഴുക്കിനും കുറവുണ്ടായിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് വെള്ളത്തിലായ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കാത്ത സ്കൂളുകളിലാണ് ഇന്ന് അധ്യായനം നടന്നത്.
കേരള തീരത്ത് നിലനിന്നിരുന്നു തീവ്ര ന്യൂനമർദ്ദം ഛത്തിസ്ഗഡിനും മധ്യപ്രദേശിനും മുകളിൽ ശക്തി കുറഞ്ഞ ന്യൂനമർദ്ദമായി ദുർബലമായെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദത്തിന്റെ ശക്തി വീണ്ടും കുറയുമെന്നും വിലയിരുത്തലുണ്ട്.
ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നതിനാൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.