24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പബ്ജിയില്‍ തോറ്റതിന് ഫോണ്‍ അടിച്ചുപൊട്ടിച്ചു, മുങ്ങിയത് ഉച്ചയ്ക്ക്; ബംഗാള്‍ സ്വദേശിയെ തിരഞ്ഞ് പോലീസ്.*
Uncategorized

പബ്ജിയില്‍ തോറ്റതിന് ഫോണ്‍ അടിച്ചുപൊട്ടിച്ചു, മുങ്ങിയത് ഉച്ചയ്ക്ക്; ബംഗാള്‍ സ്വദേശിയെ തിരഞ്ഞ് പോലീസ്.*


തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാണാതായ മറുനാടന്‍ തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ്. സംഭവത്തിനുപിന്നാലെ കാണാതായ ബംഗാള്‍ സ്വദേശി ആദം ആലി(21)യെ കണ്ടെത്താനാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇയാള്‍ക്കൊപ്പം ജോലിചെയ്തിരുന്ന മറ്റു മറുനാടന്‍ തൊഴിലാളികളെ ചോദ്യംചെയ്തു വരികയാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേശവദാസപുരം മോസ്‌ക് ലെയ്ന്‍ രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ(68)യെയാണ് കഴിഞ്ഞദിവസം രാത്രി സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ കയറി വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൊട്ടടുത്ത ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ തള്ളിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കാലുകളില്‍ കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം കിണറ്റില്‍നിന്ന് കണ്ടെത്തിയത്.ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മനോരമയെ വീട്ടില്‍നിന്ന് കാണാതായത്. ഇവരുടെ വീട്ടില്‍നിന്ന് ഉച്ചയ്ക്ക് എന്തോ ശബ്ദം കേട്ടിരുന്നതായി സമീപവാസികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല. പിന്നാലെ വര്‍ക്കലയിലേക്ക് പോയിരുന്ന ഭര്‍ത്താവ് ദിനരാജിനെ വിവരമറിയിച്ചു. വീടിനകത്ത് കയറി പരിശോധിക്കാന്‍ ദിനരാജ് ആവശ്യപ്പെട്ടെങ്കിലും മനോരമയെ വീടിനുള്ളിലും കണ്ടില്ല. ഇതോടെയാണ് പോലീസില്‍ വിവരമറിയിച്ചത്.

പരാതി ലഭിച്ചതിന് പിന്നാലെ പോലീസും നാട്ടുകാരും സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറിന്റെ മൂടി തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. രാത്രിയോടെ ഈ കിണറ്റില്‍ പരിശോധന നടത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇതിനിടെയാണ് മനോരമയുടെ വീടിന് സമീപമുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ജോലിചെയ്തിരുന്ന ബംഗാള്‍ സ്വദേശിയെ കാണാനില്ലെന്ന വിവരവും പോലീസിന് ലഭിച്ചത്. ദിവസങ്ങളായി അഞ്ചുപേരടങ്ങുന്ന മറുനാടന്‍ തൊഴിലാളികള്‍ ഇവിടെ ജോലിചെയ്തുവരികയായിരുന്നു. മനോരമയുടെ വീട്ടില്‍നിന്നാണ് ഇവര്‍ കുടിവെള്ളം എടുത്തിരുന്നത്. എന്നാല്‍ ഇവരില്‍ ഒരാളായ ആദം ആലിയെ ഞായറാഴ്ച ഉച്ചമുതല്‍ കാണാനില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കി. ഇതോടെയാണ് ആദം ആലിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്.

പബ്ജിക്ക് അടിമ? ഫോണ്‍ തല്ലിപ്പൊട്ടിച്ചു…

ഒപ്പം ജോലിചെയ്യുന്ന മറ്റ് നാല് തൊഴിലാളികള്‍ക്കൊപ്പമാണ് ആദം ആലി താമസിച്ചിരുന്നത്. കഴിഞ്ഞദിവസം തൊട്ടടുത്ത വീട്ടിലെ പ്രായമായ സ്ത്രീയുമായി വഴക്കുണ്ടായെന്ന് ഇയാള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. താന്‍ ആ സ്ത്രീയെ തല്ലിയെന്നും ഇനി ഇവിടെ നില്‍ക്കുന്നില്ലെന്നും പറഞ്ഞാണ് ആദം ആലി താമസസ്ഥലത്തുനിന്ന് പോയത്.

അതേസമയം, ഇവിടെനിന്ന് മടങ്ങിയതിന് പിന്നാലെ ആദം ആലി ഒരു സിംകാര്‍ഡ് ആവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചതായി വിവരമുണ്ട്. ഇയാള്‍ ഒരിക്കലും സ്ഥിരമായി ഒരു നമ്പര്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് വിവരം. മാത്രമല്ല, യുവാവ് പബ്ജി ഗെയിം പതിവായി കളിച്ചിരുന്ന ആളാണെന്നും പബ്ജിയില്‍ തോറ്റതിന്റെ പേരില്‍ അടുത്തിടെ ഫോണ്‍ തല്ലിപ്പൊട്ടിച്ചതായും ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

മതില്‍ ചാടി എങ്ങനെ മൃതദേഹം കിണറ്റലിട്ടു, അടിമുടി ദുരൂഹത…

മനോരമയുടെ വീടിന്റെ ആറടിയോളം ഉയരമുള്ള മതില്‍ ചാടിക്കടന്നാണ് യുവാവ് തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മൃതദേഹം തള്ളിയതെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇത്രയും ഉയരമുള്ള മതില്‍ കടന്ന് ഇയാള്‍ക്ക് ഒറ്റയ്ക്ക് മൃതദേഹം കൊണ്ടുപോകാന്‍ കഴിയുമോ എന്നതിലും സംശയമുണ്ട്. കൃത്യത്തില്‍ മറ്റൊരുടെയെങ്കിലും സഹായമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്.

Related posts

നിർത്താതെ കരഞ്ഞ് 2 വയസ്സുകാരിയായ സഹോദരപുത്രി; കഴുത്തു ഞെരിച്ചുകൊന്ന് യുവതി

Aswathi Kottiyoor

സിദ്ധാര്‍ത്ഥന്‍റെ മരണം; കോളേജ് ഡീനും അസി വാര്‍ഡനും വിശദീകരണം നല്‍കി, നിര്‍ണായക തീരുമാനം ഇന്നുണ്ടാകും

Aswathi Kottiyoor

10 വയസ്സുള്ള പെൺകുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമം; താമരശ്ശേരിയിൽ 51കാരൻ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox