ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷന് വഴിയൊരുക്കിയാൽ ഉണ്ടാകുന്ന ബാധ്യത വീണ്ടും ഊതിപ്പെരുപ്പിച്ച് ഇപിഎഫ്‌ഒ.
18 ലക്ഷം കോടിയിലധികം ബാധ്യതയുണ്ടാകുമെന്നാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ റിപ്പോർട്ടിലെ അവകാശവാദം. 15,000 രൂപ പരിധിക്ക് മുകളിലുള്ള ജീവനക്കാർ മുൻകാലപ്രാബല്യത്തോടെ പെൻഷൻഫണ്ടിലേക്ക് ഉയർന്ന വിഹിതം അടയ്‌ക്കാനുള്ള ഓപ്‌ഷൻ തെരഞ്ഞെടുത്താൽ 18.14ലക്ഷം കോടിയുടെ ബാധ്യത ഉണ്ടാകുമെന്നാണ് പറയുന്നത്. ഭാവിയിൽ ശമ്പളം എട്ട് ശതമാനം വർധിച്ചാൽ ഇത് 22.79ലക്ഷം കോടിയാകുമെന്നും റിപ്പോർട്ടിലുണ്ട്.
2019 മാർച്ച് 31 വരെ സഞ്ചിതനിധിയിൽ 5.06 ലക്ഷം കോടി രൂപയുണ്ട്. 33.44 ലക്ഷം കോടി രൂപയുടെ ആനുകൂല്യം വിതരണം ചെയ്യേണ്ടി വരും. 10.23 ലക്ഷം കോടി വിഹിതമായി ലഭിക്കും. ഇതിൽ നിന്നുണ്ടാകുന്ന മൊത്തം ബാധ്യത 18.14 ലക്ഷം കോടിയാകുമെന്നും ‘കെ എ പണ്ഡിറ്റ് കൺസൾട്ടന്റ്‌സ് ആൻഡ് ആക്‌ച്വറീസ്’ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഉയർന്നപെൻഷൻ നടപ്പാക്കേണ്ട സാഹചര്യമുണ്ടായാൽ 16 ലക്ഷം കോടിയുടെ ബാധ്യത ഉണ്ടാകുമെന്നായിരുന്നു നേരത്തേ പറഞ്ഞത്. കണക്ക് ഊതിപ്പെരുപ്പിച്ചതാണെന്ന് ജീവനക്കാരുടെ അഭിഭാഷകർ സുപ്രീംകോടതിയിൽ വാദിച്ചു. ഇതേത്തുടർന്ന്, സാമ്പത്തിക ബാധ്യതയുടെ യഥാർഥ ചിത്രം വ്യക്തമാക്കുന്ന റിപ്പോർട്ട് ഹാജരാക്കാൻ ജസ്‌റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗബെഞ്ച് നിർദേശിച്ചു. തുടർന്നാണ് വെള്ളിയാഴ്‌ച പുതിയറിപ്പോർട്ട് സമർപ്പിച്ചത്. പിഎഫ് പെൻഷൻ കേസിൽ ബുധനാഴ്‌ച സുപ്രീംകോടതി വാദംകേൾക്കൽ തുടരും.