ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിനായി ഐഎസ്ആർഒ രൂപകൽപന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൾ (എസ്എസ്എൽവി) കുതിച്ചുയർന്നു. രാവിലെ 9.18ന് ആണു റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ചത്. എർത്ത് ഒബ്‌സർവേഷൻ സാറ്റലൈറ്റ് (ഇഒഎസ്–02), ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് എസ്എസ്എൽവിയുടെ കുതിപ്പ്. സ്പേസ്കിഡ്സ് ഇന്ത്യ എന്ന സ്റ്റാർട്ടപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഗ്രാമീണമേഖലയിൽ നിന്നുള്ള 750 വിദ്യാർഥിനികൾ വികസിപ്പിച്ചതാണ് ആസാദിസാറ്റ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപയോക്താക്കൾക്ക് ഭാവിയിൽ എസ്എസ്എൽവി സേവനം ഉപയോഗിക്കാം.
ചെറിയ ഉപഗ്രഹങ്ങൾ എസ്എസ്എൽവി റോക്കറ്റ് ഉപയോഗിച്ചു സൗകര്യപ്രദമായി താഴ്ന്ന ബഹിരാകാശ ഭ്രമണപഥത്തിലെത്തിക്കാമെന്നു അഭിമുഖത്തിൽ ഡോ. എസ്. ഉണ്ണിക്കൃഷ്ണൻ നായർ വിശദീകരിച്ചു. ചെലവും തയാറെടുപ്പിനുള്ള സമയവും കുറവാണെന്നത് എസ്എസ്എൽവിയുടെ സവിശേഷതയാണ്. വലിയ വിക്ഷേപണ വാഹനങ്ങൾ ഒരുക്കാൻ 40 – 60 ദിവസം വേണ്ടിവരുമ്പോൾ എസ് എസ്എൽവിക്കു 3 ദിവസം മതി. ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയയ്ക്കുന്ന ഗഗൻയാൻ പദ്ധതിയിൽ പങ്കെടുക്കുന്ന യാത്രികർ മോസ്കോയിലെ അടിസ്ഥാനപരിശീലനം കഴിഞ്ഞശേഷം ബെംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിൽ തുടർപരിശീലനം നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.
പിഎസ്എൽവിയുടെ മോചകൻ എസ്എസ്എൽവി റോക്കറ്റ് വരുന്നതോടെ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണച്ചുമതലയിൽ നിന്ന് പി എസ്എൽവി ഒഴിവാകും. ഉപയോക്താക്കളിൽ നിന്ന് ഓർഡർ ലഭിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വിക്ഷേപണം നടത്താമെന്നത്ത് എസ് എസ്എൽവിയുടെ ഗുണമാണ്. വലിയ സാധ്യതയുള്ള ചെറുകിട ഉപഗ്രഹവിപണിയിൽ ശക്തസാന്നിധ്യമാകാൻ ഇത് ഐഎസ് ആർഒയ്ക്ക് കരുത്തു നൽകും.