മദ്യപിച്ച് വാഹനമോടിച്ചയാള്‍ അപകടം ഉണ്ടാക്കിയാല്‍ ആ വാഹനത്തില്‍ സഞ്ചരിച്ച യാത്രക്കാര്‍ക്കെതിരെയും കേസെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി.ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയിട്ടും ആ വാഹനത്തില്‍ യാത്ര ചെയ്താല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം യാത്രക്കാര്‍ക്ക് മേലെയും നിലനില്‍ക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയാണ് വിധി പുറപ്പെടുവിച്ചത്.
മദ്യപിച്ചില്ല എന്നതോ വാഹനം ഓടിച്ചില്ല എന്നതോ നടപടിയില്‍ നിന്ന് ഒഴിവാകാനുള്ള ന്യായം ആകില്ല. ഡ്രൈവര്‍ മദ്യലഹരിയില്‍ ആണെന്നറിഞ്ഞിട്ടും വാഹനത്തില്‍ യാത്ര ചെയ്തത് അയാള്‍ക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. 2013ല്‍ മറീന ബീച്ചിന് സമീപം മൂന്ന് വഴിയാത്രക്കാര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ നിന്ന് ഒഴിവാക്കണം എന്ന് കാട്ടി സഹയാത്രികയായിരുന്ന ഡോക്ടര്‍ ലക്ഷ്മി നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.