ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരീ ക്ഷേത്രത്തിൽ യാനം 2022 കഥകളി മഹോത്സവത്തിന് 14ന് തിരിതെളിയുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 34 ദിവസം നീണ്ടു നിൽക്കുന്ന കഥകളി മഹോത്സവം സെപ്തംബർ 16 ന് സമാപിക്കും. ലോക ചരിത്രത്തിൽ ആദ്യമായാണ് ആയിരത്തോളം കഥകളി കലാകാരമാർ തുടർച്ചയായി ആട്ടവിളക്കിന് മുന്നിലെത്തുന്ന കഥകളി മഹോത്സവം നടക്കുന്നതെന്ന് സംഘടകർ പറഞ്ഞു. മഹാഭാരത ഭാഗവത കഥകളെ അടിസ്ഥാനമാക്കി കോട്ടയം തമ്പുരാൻ മുതൽ പുതിയ കാലത്തെ ആട്ടക്കഥാകൃത്തുക്കൾ വരെ രചിച്ച അൻപതോളം ആട്ടക്കഥകൾ കോർത്തിണക്കി അരങ്ങിലെത്തും. മലയാളത്തിന്റെ കലാരൂപങ്ങളായ ചാക്യാർ കൂത്ത്, ഓട്ടൻതുള്ളൽ, നങ്യാർകൂത്ത് തുടങ്ങിയവയും വേദിയിൽ അവതരിപ്പിക്കും.
14 ന് രാവിലെ 10 മണിക്ക് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ യാനം 2022 ഉദ്‌ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥി ആയിരിക്കും. സണ്ണി ജോസഫ് എം എൽ എ അദ്ധ്യക്ഷനാവും. ഡോ. ശിവദാസൻ എം പി , മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം. ആർ. മുരളി, ഗോകുലം ഗോപാലൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. യാനം കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന കഥകളിയിലെ സമഗ്ര സംഭാവനക്കുള്ള പ്രഥമ യാനം 2022 ശ്രീപോർക്കലി പുരസ്‌കാരം പത്മശ്രീ കലാമണ്ഡലം ഗോപി യാശാനും, ഈ വർഷത്തെ കോട്ടയത്ത് തമ്പുരാൻ സ്മൃതി ശ്രീ മൃദംഗ ശൈലേശ്വരീ പുരസ്‌കാരം വാദ്യകുലപതി പത്മശ്രീ ശങ്കരൻകുട്ടി മാരാർക്കും വേദിയിൽ വെച്ച് നൽകും. ഉദ്‌ഘാടന ദിവസമായ 14 ന് വൈകുന്നേരം 6 മണിക്ക് ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ 101 കലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളവും അരങ്ങേറും.
പത്രസമ്മേളനത്തിൽ ധ്യാനം സംഘാടക സമിതി കൺവീനർ രേണുകാ രവിവർമ്മ, ചെയർമാൻ എ.കെ. മനോഹരൻ, വൈസ് ചെയർമാൻമാനും പ്രോഗ്രാം കൺവീനറുമായ എൻ. പങ്കജാക്ഷൻ,ഫെസ്റ്റിവെൽ കോഡിനേറ്റർ ജിഷ്ണു കെ മനോജ്, ക്ഷേത്രം എക്സിക്യു്ട്ടീവ് ഓഫീസർ എം. മനോഹരൻ, എം. പ്രഭാകരൻ എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിൽ ആഗസ്റ്റ് 5 മുതൽ ഭക്തജനങ്ങൾക്കായി അന്നദാനം ആരംഭിച്ചതായി എക്സിക്യു്ട്ടീവ് ഓഫീസർ എം. മനോഹരൻ അറിയിച്ചു. എല്ലാദിവസവും ഉച്ചക്ക് 12 മണിമുതൽ 2 മണിവരെ ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും അന്നദാനം നൽകും.