ഇന്നലെ രാത്രി മുതല്‍ ഇന്നു രാവിലെ വരെ കളക്ടറുടെ പേജില്‍ നോക്കിയിരിക്കുകയായിരുന്നു ഞാന്‍’- എറണാകുളത്തെ ഒരു രക്ഷിതാവ് കളക്ടറുടെ അവധി പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കിലിട്ട കമന്റിങ്ങനെ.
ഇന്നു 8.25-നാണ് എറണാകുളം ജില്ലക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. എല്ലാ കുട്ടികളും അപ്പോഴേക്കും സ്കൂളിലെത്തിയെന്നും ഇനി അവധി പ്രഖ്യാപിച്ചിട്ട് എന്താണ് കാര്യമെന്നായിരുന്നു പല രക്ഷിതാക്കളുടെയും ചോദ്യം. കളക്ടര്‍ എന്താ ഉറങ്ങിപ്പോയോ എന്നും ഇന്നലെ രാത്രിയില്‍ മഴ പെയ്തത് അറിഞ്ഞില്ലേയെന്നും തരത്തില്‍ നിരവധി കമന്റുകളാണ് കളക്ടറുടെ ഫേസ്ബുക്ക് പേജിന് താഴെ നിമിഷനേരം കൊണ്ട് നിറഞ്ഞത്.
കളക്ടറുടെ അവധി പ്രഖ്യാപനം വൈകിയതില്‍ രോഷം പ്രകടിപ്പിക്കുന്ന മാതാപിതാക്കളുടെ കമന്റുകളോട് പ്രതികരിക്കുന്നവരെയും കാണാം. സാഹചര്യം നോക്കി കുട്ടിയെ സ്കൂളില്‍ വിടണോ വേണ്ടയോ എന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിച്ചുകൂടേയെന്ന് ചിലര്‍ ചോദിക്കുന്നു. സ്വന്തം കുട്ടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കളക്ടറുടെ ഉത്തരവ് വരെ കാത്തിരിക്കേണ്ടതുണ്ടോ എന്നും അവർ ചോദിക്കുന്നു.
ഏതായാലും അവധി പ്രഖ്യാപനം ആശയകുഴപ്പം സൃഷ്ടിച്ചതിന് പിന്നാലെ കളക്ടര്‍ മറ്റൊരു ഉത്തരവിറക്കുകയും ചെയ്തു. രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലയ്ക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്കൂളുകള്‍ അടക്കേണ്ടന്നും സ്കൂളുകളിലെത്തിയ വിദ്യാര്‍ഥികളെ തിരിച്ചയക്കേണ്ടെന്നും പിന്നീട് പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി.