ദില്ലി: മങ്കിപോക്സ് പ്രതിരോധത്തിൽ ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം പകരാതിരിക്കാൻ മങ്കിപോക്സ് സ്ഥിരീകരിച്ചവരെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിലാക്കണം എന്നതാണ് പ്രദാനമായും കേന്ദ്രം മുന്നോട്ടു വച്ചിട്ടുള്ള നിർദേശം.
സോപ്പും, സാനിറ്റൈസറും കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കുക, രോഗബാധിതരുമായി സമ്പർക്കത്തിൽ വരുമ്പോൾ കയ്യുറയും മാസ്കും ധരിക്കുക തുടങ്ങിയ മാർഗ്ഗനിർദേശങ്ങളും ആരോഗ്യമന്ത്രാലയം മുന്നോട്ടു വച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവർ പൊതു പരിപാടികളിൽ നിന്ന് വിട്ടു നിൽക്കണം.
അതേസമയം വ്യാജ വാർത്ത പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽഭീതി പരത്തരുതെന്നും ആരോഗ്യ മന്ത്രാലയം ഓർമിപ്പിച്ചു. രാജ്യത്ത് മങ്കിപോക്സ് കേസുകൾ കൂടുകയും യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ ആൾ മങ്കിപോക്സ് ബാധിച്ച് മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര നിർദേശം.