വാഷിങ്ടൻ: ഭീകര സംഘടനയായ അൽ ഖായിദയുടെ തലവനും 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളുമായ അയ്മൻ അൽ സവാഹിരിയെ(71) ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ടെലിവിഷനിലൂടെ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചത്. ഞായറാഴ്ച അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സവാഹിരിയെ വധിച്ചതെന്ന് യുഎസ് സമയം തിങ്കളാഴ്ച വൈകിട്ട് 7.30ന് വൈറ്റ്ഹൗസിൽ നടത്തിയ പ്രസ്താവനയിൽ ബൈഡൻ വിശദീകരിച്ചു. ‘‘നീതി നടപ്പായി. ആ ഭീകര നേതാവ് ഇനിയില്ല.’’ – ബൈഡൻ പറഞ്ഞു. ഉസാമ ബിൻ ലാദന്റെ വലംകൈയായി പ്രവർത്തിച്ചിരുന്ന സവാഹിരി, 2011 ൽ ലാദനെ യുഎസ് വധിച്ചതിനുശേഷം അൽ ഖായിദയുടെ നേതൃത്വം ഏറ്റെടുത്തിരുന്നു. 2021 ഓഗസ്റ്റിലെ യുഎസ് പിൻമാറ്റത്തിനു ശേഷം അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായ ശേഷം അവിടെ യുഎസ് നടത്തുന്ന ആദ്യ യുഎസ് ആക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്.