ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളം പ്രതിഷേധാഗ്നിയില്‍ ജ്വലിക്കുമ്പോള്‍ സിപിഐ നേതാവും കൃഷിമന്ത്രിയുമായ പി. പ്രസാദ് ദേശീയ ഗ്രീന്‍ ട്രൈബ്യൂണലില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി ആശങ്ക വര്‍ധിപ്പിക്കുന്നു.
മന്ത്രിയാകുന്നതിനു മുമ്പ് 2017 നവംബര്‍ 13ന് പി. പ്രസാദ്, മറ്റപ്പള്ളി, നൂറനാട്, ആലപ്പുഴ എന്ന വിലാസത്തിലാണ് ഗ്രീന്‍ ട്രൈബ്യൂണലില്‍ ഫയല്‍ ചെയ്തത്. കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള 10 കിലോ മീറ്റര്‍ പ്രദേശം ബഫര്‍ സോണായി പ്രഖ്യാപിക്കണമെന്നാണ് പ്രസാദിന്റെ ഹർജിയിലെ ആവശ്യം.
ബഫർ സോൺ വിഷയത്തിലെ സുപ്രീംകോടതി വിധി മറികടക്കാൻ സംസ്ഥാന സർക്കാർ പരിശ്രമിക്കുമെന്നു പറയുന്നതിലെ പൊള്ളത്തരമാണ് പ്രസാദിന്റെ ഹർജി ഇപ്പോഴും പിൻവലിക്കപ്പെട്ടിട്ടില്ല എന്നതു വ്യക്തമാക്കുന്നത്. ബഫർ സോൺ വിഷയത്തിൽ നിർണായക തീരുമാനമെടുക്കാൻ അധികാരപ്പെട്ട മന്ത്രിയുടെ നിലപാടിതാകുമ്പോൾ സർക്കാർ നടപടികളിലെ മെല്ലെപ്പോക്കിന് മറ്റൊരു കാരണവും തേടേണ്ടതില്ല.
1972ലെയും 1986ലെയും വന്യ ജീവി സംരക്ഷണ നിയമവും പരിസ്ഥിതി സംരക്ഷണ നിയമവും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന് നല്കിയ റിപ്പോര്‍ട്ടും 2002ലെ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ തീരുമാനങ്ങളുമാണ് കേസില്‍ അനുബന്ധ രേഖകളായി സമര്‍പ്പിച്ചിട്ടുള്ളത്.
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യപിച്ചിട്ടുണ്ടെന്നും യുനസ്കോയുടെ ജൈവ പൈതൃക പട്ടികയില്‍ പശ്ചിമഘട്ടം ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് പ്രസാദ് ട്രൈബ്യൂണലില്‍ നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
ഹര്‍ജി മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കാനെന്ന പേരില്‍
മൂന്നാര്‍ മേഖല എന്നറിയപ്പെടുന്ന കെഡിഎച്ച് വില്ലേജിലെ അനധികൃത കൈയേറ്റവും പരിസ്ഥിതി-ജല മലിനീകരണവും നിയന്ത്രിക്കണമെന്ന ഹര്‍ജിയിലാണ് ബഫര്‍ സോണ്‍ പ്രഖ്യാനവും ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഗ്രീന്‍ ട്രൈബ്യൂണലിന്റെ സജീവ പരിഗണനയിലാണ്.
2020ല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ കേസ് പരിഗണനയ്ക്ക് എടുക്കുകയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ സിഎച്ച്ആര്‍ മേഖലയില്‍നിന്നു മരം മുറിച്ചാല്‍ കുത്തകപാട്ടം റദ്ദു ചെയ്ത് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും പറഞ്ഞിട്ടുണ്ട്.
ഗ്രീന്‍ ട്രൈബ്യൂണലില്‍ കേസ് സജീവമാകുമ്പോള്‍ കേരളത്തിലെയും സിഎച്ച്ആറിലെയും ജനജീവിതം ദുസഹമായിത്തീരും. ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും 10 കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണായി ഗ്രീന്‍ ട്രൈബ്യൂണല്‍ പ്രഖ്യാപിച്ചാല്‍ കേരളത്തെ ഭൂരിഭാഗം പ്രദേശങ്ങളെയും ഗുരുതരമായി ബാധിക്കും.