21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • സാമ്പത്തിക പ്രതിസന്ധി – വേതനം മുടങ്ങിയിട്ട് രണ്ടുമാസം ആറളം ഫാം തൊഴിലാളികളും ജീവനക്കാരും സമരത്തിലേക്ക്
Iritty

സാമ്പത്തിക പ്രതിസന്ധി – വേതനം മുടങ്ങിയിട്ട് രണ്ടുമാസം ആറളം ഫാം തൊഴിലാളികളും ജീവനക്കാരും സമരത്തിലേക്ക്

ഇരിട്ടി: സാമ്പത്തിക പ്രതിസന്ധിയിലായ ആറളം ഫാമിൽ രണ്ടുമാസമായി വേതനം മുടങ്ങിയതിനെത്തുടർന്ന് തൊഴിലാളികളും ജീവനക്കാരും സമരത്തിലേക്ക് നീങ്ങുന്നു. ഓണക്കാലത്ത് ശക്തമായ സമരത്തിലേക്ക് നീങ്ങുന്നതിന്റെ മുന്നോടിയായി ഇവർ നാലിന് സൂചനാ പണിമുടക്ക് നടത്താൻ തീരുമാനിച്ചു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതുമൂലം കുടിശ്ശിക ശബളം നൽകാനുള്ള ശേഷി ഇപ്പോൾ ഫാമിനില്ല. ഈ സാഹചര്യം മൂലം ഓണക്കാലത്ത് ശബളവും മറ്റ് ആനുകൂല്യങ്ങളും കുടിശ്ശികയായി കിടക്കുന്നത് വൻ പ്രതിഷേധത്തിനിടയാക്കും. ഫാമിൽ 240 ദിവസം തൊഴിൽ ചെയ്ത ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികലെ സ്ഥിരപ്പെടുത്താൻ ആറുമാസം മുൻമ്പ് എടുത്ത തീരുമാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പ്ലാന്റേഷൻ തൊഴിലാളികളെ ഫാം തൊഴിലാളികളായി പരിഗണിച്ച് അവർക്ക് നൽകുന്ന സേവന വേതന വ്യവസ്ഥകൾ നൽകാൻ എടുത്ത തീരുമാനവും നടപ്പിലാക്കിയിട്ടില്ല.
നാനൂറ്റി ഇരുപത്തി അഞ്ചോളം പേരാണ് തൊഴിലാളികളും ജീവനക്കാരുമായി ഫാമിൽ ജോലി ചെയ്യുന്നത് . ഇതിൽ 300-ൽഅധികം പേരും ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഏപ്രിൽ മാസമാണ് ഇവർക്ക് അവസാനമായി ശബളം കിട്ടിയത്. മെയ്, ജൂൺ മാസത്തെ ശബളം പൂർണ്ണമായും കിട്ടിയിട്ടില്ല. ജൂലായ് മാസവും കഴിയുന്നതോടെ എന്ന് പണം നൽകും എന്ന് പറയാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഫാം മാനേജ്‌മെന്റ്. കൂടാതെ തൊഴിലാളികളുടെ പി എഫ് വിഹിതവും അടച്ചിട്ടില്ല. പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ഒരു വർഷത്തിലധികമായി ആനുകൂല്യങ്ങൾ ഒന്നും നൽകിയിട്ടുമില്ല. ആദിവാസി തൊഴിലാളികൾക്ക് ഭക്ഷണം നൽകിയ വകയിൽ മാത്രം കോടികൾ കുടിശ്ശികയായി കിടക്കുന്നുമുണ്ട്.
തൊഴിലും വരുമാനവും വർദ്ധിപ്പിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലം കാണാത്ത അവസ്ഥയിലാണ്. സ്വന്തം കാലിൽ നില്ക്കാനുള്ള വരുമാനം കണ്ടെത്താൻ ഫാമിന് കഴിയുന്നില്ല. ഫാമിന്റെ ആവശ്യത്തിനുള്ള പണം ഫാമിൽ നിന്നുത്തന്നെ കണ്ടെത്തണമെന്ന് ധനകാര്യ വകുപ്പിൽ നിന്നും പലതവണ നിർദേശം ഉണ്ടായെങ്കിലും ഇതിനായി നടത്തുന്ന പ്രവർത്തനങ്ങളൊന്നും ഫലപ്രദമാകുന്നില്ല. 25ഓളം വരുന്ന ജീവനക്കാർക്കും 400ഓളം വരുന്ന തൊഴിലാളികൾക്കും ഒരു മാസത്തെ ശബളം മാത്രം അനുവദിക്കണമെങ്കിൽ 70 ലക്ഷത്തോളം രൂപ വേണം.
കാട്ടാനകളും കുരങ്ങുകൾ അടക്കമുള്ള വന്യമൃഗങ്ങളും ഫാമിനെ അനുദിനം നശിപ്പിച്ചു കൊണ്ടിരിക്കയാണ്. പ്രധാന വരുമാന മാർഗ്ഗമായിരുന്ന തെങ്ങിൽ നിന്നുള്ള വരുമാനം നാലിലൊന്നായി കുറഞ്ഞു. സെൻട്രൽ ഗവർമെന്റിന്റെ കീഴിൽ ഉണ്ടായിരുന്ന കാലത്തു വെച്ച് പിടിപ്പിച്ച പന്ത്രണ്ടായിരത്തോളം വരുന്ന തെങ്ങുകൾ ആയിരുന്നു ഫാമിന്റെ പ്രസ്‌ഥാന വരുമാനമാർഗ്ഗം. ഇതിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 5000ത്തോളം തെങ്ങുകളെങ്കിലും ആനക്കൂട്ടം നശിപ്പിച്ചു. അവശേഷിക്കുന്ന തെങ്ങുകൾ കുരങ്ങ് ശല്യം മൂലം വരുമാനം ഇല്ലാത്ത അവസ്ഥയുമായി. കശുവണ്ടിയിൽ നിന്നുള്ള വരുമാനത്തിൽ ഈ വര്ഷം ഒരു കോടിയിലധികം രൂപയുടെ കുറവുണ്ടായതും പ്രതിസന്ധി രൂക്ഷമാക്കി. ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും താല്ക്കാലികമായെങ്കിലും കരകയറണമെങ്കിൽ സർക്കാരിൽ നിന്നും അഞ്ചു കോടിയെങ്കിലും അടിയന്തിരമായി ലഭിക്കേണ്ടതുണ്ട് . ഓണക്കാലത്ത് ആദിവാസിതൊഴിലാളികൾ പട്ടിണിയിലാക്കുന്ന സാഹചര്യം ഉണ്ടായാൽ അത് ഫാം മാനേജ് മെന്റിന് വലിയ നാണക്കെടായി മാറും. സംയുക്തതൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് സൂചനാ സമരം നടത്താൻ തീരുമാനമായത്. ആലോചനാ യോഗത്തിൽ യൂണിയൻ നേതാക്കളായ കെ.കെ. ജനാർദ്ദനൻ), ആന്റണി ജേക്കബ്, കെ.ടി. ജോസ് എന്നിവർ സംസാരിച്ചു

Related posts

പുന്നാട് – മീത്തലെ പുന്നാട് റോഡ് ഉപരോധിച്ചു

Aswathi Kottiyoor

ഇടിഞ്ഞുവീണ മതിൽ പുനർ നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മണ്ണിനടിയിലായി

Aswathi Kottiyoor

നടുവനാട് കൂട്ടായ്മ കേരളവോളി സമാപിച്ചു: ക്രൈസ്റ്റ് കോളേജും പി.ആർ.എൻ.എസ്.എസും ജേതാക്കൾ.

Aswathi Kottiyoor
WordPress Image Lightbox