സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ ഇരുന്നൂറോളം പന്നികളേയും കൊല്ലേണ്ടി വരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.
വയനാട്ടില്‍ നേരത്തെ പന്നിപ്പനി സ്ഥിരീകരിക്കുകയും പന്നികളെ കൊന്നൊടുക്കുകയും ചെയ്ത സ്ഥലത്ത് നിന്ന് കിലോമീറ്ററുകള്‍ ദൂരെയുള്ള സ്ഥലത്തെ ഫാമിലാണ് ഇപ്പോള്‍ പുതിയതായി പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. 200 പന്നികളാണ് ഇവിടെയുള്ളത്. ഇതേതുടര്‍ന്ന് രോഗം സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളുണ്ടെങ്കില്‍ അതിലെ എല്ലാ പന്നികളേയും കൊന്നൊടുക്കാനാണ് തീരുമാനം.
വയനാടിന് പുറമേ കണ്ണൂരിലും പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.കണിച്ചാല്‍ പഞ്ചായത്തിലെ സ്വകാര്യ പന്നിഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. നൂറിലധികം പന്നികളാണ് ഇവിടെയുള്ളത്. ഫാമിലെ 93 പന്നികളേയും ഒരു കിലോമീറ്റര്‍ ചുറ്റളവിലെ 175 പന്നികളേയും കൊന്നൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.