വിമാനത്താവളങ്ങള്‍ക്കു സമീപം സംസ്ഥാനത്ത് സ്ഥാപിക്കുന്ന സയന്‍സ് പാര്‍ക്കുകളിലൊന്ന് കൊച്ചിയിലും. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ പുതിയ ഐടി സ്പേസുകളുടെ ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ ഐടി പാര്‍ക്കുകള്‍ക്കു പുറമേ കൊല്ലത്തും കണ്ണൂരും ഐടി പാര്‍ക്കുകള്‍ ആരംഭിക്കും. കൊച്ചി-കോയമ്പത്തൂര്‍ ഹൈടെക് വ്യവസായ ഇടനാഴി ഒരുങ്ങുകയാണ്. ഇതിനു പുറമേ ദേശീയപാത 66ന് സമാന്തരമായി നാല് ഐടി ഇടനാഴികളും സംസ്ഥാനത്തു സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവിലെ തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍നിന്നാണ് ഇടനാഴികള്‍ ആരംഭിക്കുന്നത്.
ദേശീയപാതയ്ക്കു സമാന്തരമായി ഐടി പാര്ക്കിന് അനുയോജ്യമായ 15 മുതല്‍ 25 ഏക്കര്‍ വരെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇവിടെ 50,000 മുതല്‍ രണ്ട് ലക്ഷം വരെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള 20 ചെറിയ ഐടി പാര്‍ക്കുകളാണ് ആരംഭിക്കുന്നത്. കെഫോണിന്റെ അതിവേഗ ഒപ്റ്റിക്കൽ ഫൈബര്‍ വഴി പാര്‍ക്കുകള്‍ തമ്മിലുള്ള കണക്ടിവിറ്റി ഉറപ്പാക്കും.
നിര്‍ദിഷ്ട ഇടനാഴികളില്‍ 5ജി ലീഡര്‍ഷിപ്പ് പാക്കേജ് നടപ്പിലാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സൗജന്യമായും കുറഞ്ഞ നിരക്കിലുമുള്ള ഗുണമേന്മയുള്ള അതിവേഗ ഇന്റര്‍നെറ്റാണു കെ ഫോണ്‍ വഴി ലക്ഷ്യമിടുന്നത്. ഇതിനായി 30,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല നിലവില്‍ വരും. 1611 കോടി രൂപയാണു പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ഇതിന്റെ 74 ശതമാനം ജോലികള്‍ പൂര്‍ത്തിയായി. കെഫോണിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സുകളും ലഭ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐടിയിൽ അടുത്ത അഞ്ചുവർഷം അര ലക്ഷം തൊഴിലവസരം
കൊച്ചി: കേരളത്തിന് അനുയോജ്യമായ വ്യവസായങ്ങളിലൊന്നാണ് ഐടി മേഖലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐടി മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി ഈ കാലയളവില്‍ അരലക്ഷത്തിലധികം തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നതായും പറഞ്ഞു. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ പുതിയ ഐടി സ്പേസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1,61,000 ചതുരശ്ര അടി ഐടി സ്പേസാണ് ഇന്‍ഫോ പാര്‍ക്കില്‍ ആരംഭിക്കുന്നത്. സാങ്കേതിക ബിരുദധാരികള്‍ക്ക് ഐടി കമ്പനികളില്‍ ഐടി ഇന്റേണ്‍ഷിപ്പ് നല്‍കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ആദ്യഘട്ടത്തില്‍ 1200 പേര്‍ക്ക് ഇന്റേണ്‍ഷിപ്പ് അനുവദിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
മൂന്നു സര്‍ക്കാര്‍ പാര്‍ക്കുകളിലെയും 1,21,000 ജീവനക്കാർക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കും. അപ്സ്കില്ലിംഗ് ആന്‍ഡ് സ്കില്ലിംഗ് മേഖലയ്ക്കായി ടെക് സ്കൂള്‍ സ്റ്റാര്‍ട്ട് അപ് മിഷന് വഴി നടപ്പാക്കും.
ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ടെക്നോളജി സെന്ററിനായി സ്ഥലം അനുവദിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.