തിരുവനന്തപുരം: കർഷകർക്ക് 5000 രൂപ പെൻഷൻ നൽകുന്നതുൾപ്പെടെ ലക്ഷ്യമിട്ട് രൂപവത്കരിച്ച കർഷകക്ഷേമനിധി ബോർഡ് വകുപ്പുകളുടെ തർക്കക്കുരുക്കിൽ. ഒന്നാം പിണറായി സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതിയാണ് പെൻഷൻ തുകയെചൊല്ലി ധന, കൃഷി വകുപ്പുകൾ തമ്മിലുണ്ടായ ശീതസമരത്തിൽ കുടുങ്ങിയത്. ആരോടു ചർച്ചചെയ്താണ് പരമാവധി പെൻഷൻ തുകയായ 5000 രൂപ നിശ്ചയിച്ചതെന്നാണ് ധനവകുപ്പിന്റെ ചോദ്യം;. പദ്ധതിക്ക് അംഗീകാരംതേടിയുള്ള ഫയൽ കഴിഞ്ഞ ഒൻപതുമാസമായി ധനമന്ത്രിയുടെ ഓഫീസിൽനിന്ന് അനങ്ങിയിട്ടില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചാരണത്തിൽ പ്രധാന ഇനമായിരുന്നു കർഷകക്ഷേമനിധി ബോർഡ്. തിരഞ്ഞെടുപ്പിന് ആറുമാസംമുമ്പേ ക്ഷേമനിധി ബോർഡിന് സർക്കാർ രൂപംനൽകിയിരുന്നു. എന്നാൽ, ബോർഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ പദ്ധതിക്ക് അംഗീകാരം നൽകിയില്ല. ഇതിനുള്ള ഫയൽ മന്ത്രിസഭയുടെ മുമ്പാകെവന്ന് ഉത്തരവിറങ്ങിയാൽ മാത്രമേ ബോർഡിന് പൂർണതോതിൽ പ്രവർത്തനം തുടങ്ങാനാകൂ.കർഷകന് നൽകുന്ന 5000 രൂപ പെൻഷൻ സർക്കാരിന് ബാധ്യതയാകുമോയെന്ന സംശയമാണ് ധനവകുപ്പ് ഉന്നയിച്ചത്. എന്നാൽ, തനതുവരുമാനത്തിൽനിന്നുതന്നെ ഈ തുക കണ്ടെത്താനാകുമെന്ന് കൃഷിവകുപ്പ് മറുപടി നൽകി. ഇതിനുള്ള ഒട്ടേറെ സ്രോതസ്സുകൾ കർഷക ക്ഷേമനിധി ബോർഡ് നിയമത്തിൽത്തന്നെ പറയുന്നുണ്ടെന്നും കൃഷിവകുപ്പ് വ്യക്തമാക്കിയിരുന്നു.
കൃഷിമന്ത്രി പി. പ്രസാദും ധനമന്ത്രി കെ.എൻ. ബാലഗോപാലും വിഷയത്തിൽ പലതവണ ചർച്ച നടത്തി. എന്നിട്ടും ഫയൽ ഒരിഞ്ചുപോലും അനങ്ങിയിട്ടില്ല. ഇത്ര ബൃഹത്തായ പദ്ധതി ഘടകകക്ഷിയായ സി.പി.ഐ.യുടെ വകുപ്പുവഴി നടപ്പാക്കുന്നതിൽ സി.പി.എമ്മിനുള്ള എതിർപ്പാണ് പ്രധാന തടസ്സമെന്ന് ആരോപണമുയർന്നിട്ടുണ്ട്.
50 ലക്ഷം കർഷകർ: രജിസ്റ്റർചെയ്തത് വെറും 15000
സംഘടനകളിൽ രജിസ്റ്റർചെയ്തവരുടെ മാത്രം കണക്കെടുത്താൽത്തന്നെ 50 ലക്ഷത്തോളം കർഷകർ സംസ്ഥാനത്തുണ്ട്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കർഷകസംഘത്തിൽ മാത്രം 39 ലക്ഷംപേരുണ്ട്. ബോർഡിന്റെ പ്രവർത്തനം സജീവമാകാത്തതിനാൽ കർഷകരുടെ രജിസ്‌ട്രേഷൻ നടപടികളും മന്ദഗതിയിലാണ്. ഇതുവരെ രജിസ്‌ട്രേഷൻ നടപടി പൂർത്തിയായത് 15,000-ത്തോളംപേർക്കു മാത്രം.