• Home
  • Kerala
  • കൃഷിയധിഷ്ഠിത വ്യവസായത്തിന് വായ്‌പ 10 കോടി രൂപവരെ ; അഞ്ചുശതമാനം പലിശ ഇളവ്‌ ; ഈവർഷം 400 സംരംഭത്തിന്‌ സഹായം
Kerala

കൃഷിയധിഷ്ഠിത വ്യവസായത്തിന് വായ്‌പ 10 കോടി രൂപവരെ ; അഞ്ചുശതമാനം പലിശ ഇളവ്‌ ; ഈവർഷം 400 സംരംഭത്തിന്‌ സഹായം

കാർഷികാധിഷ്ഠിത വ്യവസായങ്ങൾക്ക്‌ അഞ്ചു ശതമാനം പലിശ നിരക്കിൽ 10 കോടി രൂപവരെ വായ്‌പ നൽകുന്ന പദ്ധതിക്ക്‌ തുടക്കം. ഈവർഷം 400 സംരംഭത്തിന്‌ സഹായം നൽകും. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‌സി) വഴിയാണ്‌ നടപ്പാക്കുന്നത്‌. പദ്ധതി തുകയുടെ 90 ശതമാനം വരെയാണ്‌ വായ്‌പ നൽകുക. അഞ്ചുലക്ഷം രൂപ മുതലാണ്‌ വായ്‌പ. പലിശയിൽ മൂന്നു ശതമാനം സംസ്ഥാന സർക്കാരും രണ്ടു ശതമാനം കെഎഫ്സിയും വഹിക്കും. സംരംഭകർ അഞ്ചുശതമാനം അടച്ചാൽ മതി. പത്തു വർഷത്തിനകം തിരിച്ചടയ്ക്കണം. രണ്ട് വർഷത്തെ മൊറട്ടോറിയമുണ്ട്‌.

ചെറുകിട, ഇടത്തരം കാർഷിക വ്യവസായ യൂണിറ്റുകൾ, കാർഷികാധിഷ്ഠിത- സ്റ്റാർട്ടപ്പുകൾ, ക്ഷീര-, മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, കാർഷികാധിഷ്ഠിത ഉൽപ്പന്നങ്ങളുടെ സംസ്‌കരണം, വിപണനം, വ്യാപാരം, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ, വെയർഹൗസുകൾ, സംഭരണ ശാലകൾ, കോൾഡ് സ്റ്റോറേജുകൾ, കാർഷികാധിഷ്ഠിത അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തുടങ്ങിയവയ്‌ക്കാണ് വായ്‌പ. പുതിയ യൂണിറ്റ്‌ സ്ഥാപിക്കൽ, നിലവിലുള്ളവയുടെ നവീകരണം, യന്ത്രസാമഗ്രികൾ വാങ്ങൽ, പ്രവർത്തന മൂലധന ആവശ്യങ്ങൾ തുടങ്ങിയവ ഉൾപ്പെടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും പദ്ധതിയിൽ പരിഗണിക്കും. അപേക്ഷാ പ്രോസസിങ്‌ ഫീസിൽ പകുതി ഇളവുണ്ട്‌. കെഎഫ്സി വെബ്‌സൈറ്റുവഴി ഓൺലൈനായി അപേക്ഷിക്കാം.

സംസ്ഥാനത്തെ 40 ശതമാനത്തോളം ചെറുകിട, ഇടത്തരം വ്യവസായങ്ങളും കാർഷികാധിഷ്ഠിതമാണ്‌. ഈ മേഖലയിലെ സംരംഭകർക്കും പദ്ധതി വലിയ സഹായമാകുമെന്ന്‌ കെഎഫ്സി സിഎംഡി സഞ്ജയ് കൗൾ പറഞ്ഞു.

Related posts

മാലിന്യ നിർമ്മാർജ്ജനത്തിന് സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതി നടപ്പാക്കും:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

*80 ലക്ഷത്തോളം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ മന്ത്രി.*

Aswathi Kottiyoor

അന്തർ സംസ്ഥാന യാത്ര നടത്തുന്നവർ കോവിഡ് പരിശോധന നടത്തേണ്ടതില്ല; മാർഗനിർദേശം പുതുക്കി ഐ.സി.എം.ആർ

Aswathi Kottiyoor
WordPress Image Lightbox