പിന്നാക്ക, ന്യൂനപക്ഷ മാനേജ്മെന്റുകളല്ലാത്ത, മറ്റു സമുദായങ്ങൾക്കു കീഴിലുള്ള എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് 10 ശതമാനം സീറ്റില്‍ സ്വന്തം സമുദായത്തിലെ കുട്ടികള്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഈ 10 ശതമാനം സീറ്റുകള്‍ കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ ഓപ്പണ്‍ മെറിറ്റില്‍ നികത്തണം. എന്നാൽ, സർക്കാർ ഉത്തരവ് പ്രകാരം പത്തു ശതമാനം സീറ്റിലേക്ക് ഇതിനകം പ്രവേശനം നടത്തിയിട്ടുണ്ടെങ്കില്‍ അതു തടയേണ്ടതില്ലെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
അതേസമയം, എല്ലാ സ്വകാര്യ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും മാനേജ്മെന്റ് ക്വാട്ട 20 ശതമാനമായി നിശ്ചയിച്ചത് കോടതി ശരിവച്ചു. ഈ 20 ശതമാനത്തിനു പുറമെ മറ്റു സമുദായങ്ങൾക്കു കീഴിലുള്ള സ്കൂളുകൾക്ക് 10 ശതമാനം സീറ്റിൽകൂടി സമുദായ ക്വോട്ടയിൽ പ്രവേശനം നൽകാമെന്ന വ്യവസ്ഥയാണ് ജസ്റ്റീസ് രാജ വിജയരാഘവന് റദ്ദാക്കിയത്. വ്യക്തികള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ തുടങ്ങി സാമുദായികാടിസ്ഥാനത്തിലല്ലാതെ പ്രവര്‍ത്തിക്കുന്ന 75 മാനേജ്മെന്റുകളാണ് ഹര്‍ജി നൽകിയത്. ഇതുവരെ 30 ശതമാനം സീറ്റുകളിൽ മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം നടത്താൻ കഴിഞ്ഞിരുന്നെന്നും പുതിയ ഉത്തരവ് പ്രകാരം നിലവിലുള്ള 10 ശതമാനം സീറ്റുകൾ നഷ്ടപ്പെടുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.