ലോകമെങ്ങും ആശങ്ക പരത്തുന്ന “കുരങ്ങുപനി’യുടെ പേര് മാറ്റണമെന്ന് ന്യൂയോർക്ക് നഗര ഭരണകൂടം ലോകാരോഗ്യ സംഘടനയോട് അഭ്യർഥിച്ചു.
രോഗത്തിന്റെ പേര് വംശീയമായ മുൻധാരണ പരത്താൻ കാരണമാകുന്നെന്നും വേർതിരിവ് ഭയന്ന് ജനം ചികിത്സ തേടുന്നതിൽ വിമുഖത കാട്ടുന്നുവെന്നും ന്യൂയോർക്ക് നഗര ഭരണകൂടം പറഞ്ഞു.
രോഗത്തിന്റെ പേര് ചൂണ്ടിക്കാട്ടി വംശീയവാദികൾ കറുത്ത വർഗക്കാരെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും ദ്രോഹിക്കുന്ന സംഭവങ്ങൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് കാരണമായ രോഗം ബാധിച്ച 1,092 പേരെ നഗരത്തിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് ഭരണകൂടം ഇത്തരമൊരാവശ്യം ലോകാരോഗ്യ സംഘടനയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്.