തലശേരി മുനിസിപ്പാലിറ്റിയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന അമൃതം 2022 അതിജീവനത്തിന്റെ ആഘോഷം 30ന് തലശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിനോയ് കുര്യൻ അറിയിച്ചു. മലബാര്‍ കാന്‍സര്‍ സെന്ററിലെ കാന്‍സര്‍ അതിജീവിതരുടെയും കുടുംബാംഗങ്ങളുടെയും ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും സംഗമമാണ് അമൃതം 2022. ചടങ്ങിൽ എ.എന്‍. ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി ഓണ്‍ലൈനായി പങ്കെടുക്കും. കെ. മുരളീധരന് എംപി വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പ്രസംഗിക്കും.ചടങ്ങില്‍ അതിജീവിതയും എഴുത്തുകാരിയുമായ സിത്താരയുടെ പുസ്തകം പ്രകാശനം ചെയ്യും. എ.എന്‍.ഷംസീര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങും. അതിജീവിച്ചവരില്‍ പ്രത്യേക കഴിവുള്ളവരെ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, തലശേരി സബ്കളക്ടര്‍ അനുകുമാരി, തലശേരി എഎസ്പി നിധിന് രാജ് എന്നിവര്‍ ചേര്‍ന്ന് ആദരിക്കും.