ഭക്ഷ്യവസ്‌തുക്കളുടെ ചെറുകിട കച്ചവടത്തിന് സംസ്ഥാനത്ത് ജിഎസ്‌ടി ഈടാക്കുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഭക്ഷ്യവസ്‌തുക്കളുടെ ചില്ലറ വിൽപനയ്‌ക്ക് നികുതി ബാധകമല്ല. ചെറുകിട കച്ചവടക്കാർ പായ്‌ക്കുചെയ്‌ത് വിൽക്കുന്ന അരിയും പയറുൽപന്നങ്ങളും അടക്കമുള്ളവയ്‌ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കണമെന്ന കേന്ദ്ര നിർദേശം കേരളത്തിൽ നടപ്പാക്കിയിട്ടില്ല.
ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉൽപാദകരും പായ്‌ക്കുചെയ്ത് വിൽക്കുന്ന അരിക്കും പയറുൽപ്പന്നങ്ങൾക്കുമടക്കം ജിഎസ്ടി വർധിപ്പിച്ച കേന്ദ്ര തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയതാണ്. അതിനാൽ ഒരു സാധനത്തിനും വില വർധിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. അതേസമയം ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് നികുതി ബാധകമായിരിക്കും. സപ്ലൈകോയിലും ത്രിവേണി സ്‌റ്റോറുകളിലും കടകളിലും സ്വന്തമായി പായ്‌ക്കുചെയ്‌ത് നൽകുന്ന അരിക്കും മറ്റ് ധാന്യങ്ങൾക്കും നികുതി വാങ്ങേണ്ടതില്ലെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഒന്നരക്കോടി രൂപവരെ വാർഷിക വിറ്റുവരവുള്ള കടകൾക്ക് ജിഎസ്‌ടി പിരിക്കാൻ അനുവാദമില്ല. ഇവരുടെ വിറ്റുവരവിന്റെ വരവിന്റെ ഒരു ശതമാനമാണ് നികുതി. അത് സാധനം വാങ്ങുന്നവിൽനിന്ന് ഈടാക്കാനാകില്ല. ഇത്തരത്തിൽ 50,000ൽപരം കടകളുണ്ട്. ഇതിന്റെ മൂന്നിരട്ടിവരുന്ന ചെറുകിട കച്ചവടക്കാരുടെ വിറ്റുവരവ് 40 ലക്ഷംവരെയാണ്. ഇവയും ജിഎസ്ടി പരിധിയിൽ വരുന്നില്ല. മൊത്തം കടകളുടെ 80 ശതമാനം ഈ രണ്ട് വിഭാഗത്തിൽപ്പെടുന്നു. ഇവയിലൊന്നും നികുതി വാങ്ങാൻ പാടില്ല. 25 കിലോയ്ക്ക് മുകളിൽവരുന്ന ചാക്കുകൾക്ക് ജിഎസ്ടി ബാധകമല്ല. അവ കൊണ്ടുവന്ന് ചില്ലറായി തൂക്കി വിൽക്കുമ്പോഴും നികുതിയില്ല. ഇത്തരം സ്ഥാപനങ്ങളിലൊന്നും ജിഎസ്‌ടി പേരിൽ വില ഉയർത്തുന്നത് അനുവദിക്കില്ല.
പല കടകളും തെറ്റായി അഞ്ച് ശതമാനം ജിഎസ്ടി വാങ്ങാൻ തുടങ്ങിയതായി പരാതി ഉയർന്നു. ഇത്തരത്തിൽ നികുതി വാങ്ങിയാൽ പരാതിപ്പെടാം. കർശന നടപടിയുണ്ടാകും. പ്രാദേശികമായാണ് ഉൽപന്നങ്ങൾ പായ്‌ക്കുചെയ്ത് നൽകുന്ന കുടുംബശ്രീയ്‌ക്കും നികുതി പ്രശ്‌നമാകില്ല. മിൽമ തൈര്, മോര് പോലെയുള്ളവ ബ്രാൻഡഡ് ആയതിനാൽ നികുതി ബാധകമാകുന്നു. ജിഎസ്‌ടിയുമായി അളവ് തൂക്ക നിയമ വ്യവസ്ഥ ബന്ധിപ്പിച്ച് കേന്ദ്രം പുറത്തിറക്കിയ പുതിയ ഉത്തരവിലെ വ്യവസ്ഥകളും ആശയകുഴപ്പമുണ്ടാക്കുന്നു. ഇവ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ ജിഎസ്‌ടി കൗൺസിലലടക്കം സംസ്ഥാനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.