അതിദരിദ്രരായ കുടുംബങ്ങൾക്കാവശ്യമായ സഹായങ്ങൾക്ക് സൂക്ഷ്മതല ആസൂത്രണ രേഖ ആഗസ്റ്റ് പകുതിയോടെ തയ്യാറാക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ദീർഘകാലം, ഹ്രസ്വകാലം, ഉടൻ എന്നിങ്ങനെ നടപ്പാക്കേണ്ട പ്രവർത്തനങ്ങളാണ് സൂക്ഷ്മതല ആസൂത്രണ രേഖയുടെ ഭാഗമായി ഉണ്ടാവുക. അതിന്റെ അടിസ്ഥാനത്തിൽ ഓരോ മേഖലയിലും ആവശ്യമായ സഹായങ്ങൾ തീരുമാനിക്കും. ഈ വർഷം എത്രപേർക്ക് സഹായം നൽകാൻ പറ്റും എന്ന റിപ്പോർട്ട് തയ്യാറാക്കും. ഇതിന് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരടങ്ങിയ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനാവശ്യമായ വിശദാംശങ്ങൾ മനസ്സിലാക്കി സമിതി റിപ്പോർട്ടിന് അന്തിമരൂപം നൽകും. ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുക, ഒരിക്കൽ മോചിപ്പിക്കപ്പെട്ടാൽ അതിലേക്ക് തിരിച്ചു പോകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നിവയാണ് ലക്ഷ്യം. ദാരിദ്ര്യത്തിൽ നിന്ന് സ്ഥായിയായ മോചനമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു