കണ്ണൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളുടെ വികസനത്തിനായി 11 കോടി രൂപയ്ക്കുളള അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായാണ് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അത്യാധുനിക സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകള്‍ ജില്ലാതല ആശുപത്രികളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് സജ്ജമാക്കിയതെന്ന് മന്ത്രി പറഞ്ഞു. 10 കോടിയോളം രൂപ ചെലവഴിച്ചാണ് കാത്ത് ലാബ് സംവിധാനമൊരുക്കിയത്.
കിഫ്ബിയുടെ 57 കോടി രൂപയുടെ സാമ്പത്തിക സഹായത്താല്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ വലിയ സൗകര്യങ്ങളാണ് ഈ ആശുപത്രിയില്‍ നിന്നും ലഭ്യമാകുകയെന്നും മന്ത്രി വ്യക്തമാക്കി.