ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിലെയും സമീപ പ്രദേശങ്ങളിലെയും പന്നികളെ കൊന്നുതുടങ്ങി. മാനന്തവാടി തവിഞ്ഞാൽ കരിമാനിയിലെ മുല്ലപ്പറമ്പിൽ വിൻസന്റിന്റെ ഫാമിലെ 360 പന്നികളെയാണ് ആദ്യം കൊല്ലുന്നത്. വെറ്ററിനറി ഡോക്ടർ വി ജയേഷിന്റെ നേതൃത്വത്തിലുള്ള 16 അംഗ ടീമാണ് കേന്ദ്ര നിയമപ്രകാരം നടപടി തുടങ്ങിയത്.
ഈ ഫാമിലെയും ഒരുകിലോമീറ്റർ ചുറ്റളവിലേയും 685 പന്നികളെയാണ് കൊല്ലുക. ഞായർ രാത്രിയാണ് പന്നികളെ കൊല്ലാൻ തുടങ്ങിയത്. തിങ്കളാഴ്‌ചയും തുടരും. മണ്ണുത്തി വെറ്ററിനറി കോളേജിൽനിന്ന് എത്തിച്ച സ്‌റ്റണ്ണിങ് യന്ത്രം ഉപയോഗിച്ച് ഷോക്കേൽപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഹൃദയ ധമനി അറുക്കുകയാണ് ചെയ്യുന്നത്. സംസ്‌കരിക്കാനുള്ള കുഴി ഫാമിനോട് ചേർന്ന് തയ്യാറാക്കി. കൊല്ലുന്ന പന്നികളുടെ ഉടമസ്ഥർക്ക് കേന്ദ്ര മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാരം നൽകും.