നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ കൊവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും മൂലം അനാഥരായ വിദ്യാർഥികൾക്ക് പഠനസഹായം ഒരുക്കുന്നു. കൊവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതി മമ്മൂട്ടി തന്നെയാണ് ഫെയ്സ് ബുക്കിലൂടെ പ്രഖ്യാപിച്ചത്. ‘വിദ്യാമൃതം – 2’ എന്ന പദ്ധതിയിലൂടെയാണ് പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക് എന്‍ജിനീയറിങ്ങ്, പോളിടെക്‌നിക്ക്, ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊമേഴ്‌സ്, ഫാര്‍മസി ശാഖകളിലെ ഒരുഡസനോളം കോഴ്‌സുകളിൽ തുടർ പഠനസൗകര്യമൊരുക്കുന്നത്. ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളജ് വിദ്യാഭ്യാസം പൂർണമായും സൗജന്യമായിരിക്കും.
എൻജിനീയറിങ്ങിന്റെ വിവിധ ശാഖകൾ, വിവിധ പോളിടെക്നിക് കോഴ്‌സുകൾ, വിവിധ ആർട്സ്, കൊമേഴ്‌സ്, ബിരുദ, ബിരുദാനന്തര വിഷയങ്ങൾ, ഫാർമസിയിലെ ബിരുദ – ബിരുദാനന്ദര വിഷയങ്ങൾ എന്നിവ ഈ സൗജന്യ പദ്ധതിയിൽ ഉൾപ്പെടും. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിൽ കൂടുതൽ കുട്ടികൾക്ക് ഉപകാരപ്പെടുന്ന വിവിധ സ്കോളർഷിപ്പുകളും ആവിഷ്കരിക്കും.