വികസനം നടക്കുന്നുണ്ടെങ്കിലും രാജ്യത്ത് പൗരർ പട്ടിണിയാൽ മരിക്കുകയാണെന്ന് സുപ്രീംകോടതി. പരമാവധി അതിഥിത്തൊഴിലാളികൾക്ക് റേഷൻ ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയാണ് ജസ്‌റ്റിസുമാരായ എം ആർ ഷാ, ബി വി നാഗരത്ന എന്നിവർ അംഗങ്ങളായ ബെഞ്ചിന്റെ നിരീക്ഷണം. കോവിഡ് സാഹചര്യത്തിൽ അതിഥിത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങളിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. എത്ര റേഷൻകാർഡുകൾ അനുവദിക്കാൻ പറ്റുമെന്ന് മുന്നിൽക്കണ്ട് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പുകൾ പ്രവർത്തിക്കണം. ഒരാളും പട്ടിണികിടക്കാത്ത രാജ്യം എന്ന മഹത്തായ ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ രാജ്യത്ത് വികസനം ഉണ്ടാകുമ്പോഴും ആളുകൾ ഇപ്പോഴും പട്ടിണികിടന്ന് മരിക്കുന്നുണ്ട്. ആവശ്യമായ പോഷകാഹാരങ്ങൾ ലഭിക്കാതെയും പൗരന്മാർ മരിക്കുന്നു.
ഗ്രാമീണവാസികൾ പട്ടിണി അറിയാതിരിക്കാൻ മുണ്ട് മുറുക്കിയുടുത്ത് വെള്ളവും കുടിച്ച് കഴിയുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ചെയ്യുന്ന കാര്യമാണിത്–- ജസ്‌റ്റിസ് ബി വി നാഗരത്ന വാക്കാൽ നിരീക്ഷിച്ചു. രണ്ടാഴ്‌ചയ്‌ക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ ചില മാർഗനിർദേശങ്ങൾകൂടി പുറപ്പെടുവിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.