ഇരിട്ടി: കൂട്ടുപുഴ വഴി അനധികൃതമായി കേരളത്തിലേക്ക് കടത്തിയ പന്നിയിറച്ചി പിഗ് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പിടികൂടി മൃഗസംരക്ഷണ വകുപ്പിനെ ഏൽപ്പിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും ഉൾപ്പെടെ വളർത്തുന്ന പന്നികളിൽ ആഫ്രിക്കൻ സ്വൈൻ ഫീവർ എന്ന വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അയൽസംസ്ഥാനങ്ങളിൽനിന്ന് പന്നിമാംസം ഉൾപ്പെടെ കൊണ്ടുവരുന്നതിന് 30 ദിവസത്തേക്ക് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.
ബിഹാറിൽനിന്നും ആന്ധ്രയിൽനിന്നും കർണാടകയിൽ എത്തിക്കുന്ന പന്നികളെ കശാപ്പു ചെയ്ത് കേരളത്തിലേക്ക് കടത്തുന്ന സംഘത്തെയാണ് കൂട്ടുപുഴയിൽ വച്ച് തങ്ങൾ പിടികൂടിയതെന്ന് പിഗ് ഫാർമേഴ്സ് അസോസിയേഷൻ ആരോപിച്ചു.
കൂട്ടുപുഴയിലെ ഒരു ഇറച്ചി വില്പനശാലയിൽ പന്നിയിറച്ചി ഇറക്കുന്നതിനിടയിലായിരുന്നു ഇവരുടെ വാഹനം ഉൾപ്പെടെ പിടികൂടിയത്. തുടർന്ന് ഈ വാഹനം മൃഗസംരക്ഷണ അധികൃതരെത്തി ചെക്ക് പോസ്റ്റിലേക്ക് മാറ്റി. ഇരിട്ടി പോലീസും സ്ഥലത്തെത്തിയിരുന്നു. മലയോരത്തെ വിവിധയിടങ്ങളിലെ ഇറച്ചിക്കടകളിൽ നൽകാൻ എത്തിച്ചതായിരുന്നു ഇറച്ചി. കിലോയ്ക്ക് 150 രൂപപ്രകാരമാണ് ഇവർ പന്നിയിറച്ചി കടകളിൽ നൽകുന്നത്. ഈ ഇറച്ചി വില്പന നടത്തുന്നതാകട്ടെ 260 രൂപയ്ക്കും.
പിഗ് ഫാർമേഴ്സ് ഭാരവാഹികളായ ജോസ് മാത്യു, സനിൽ സേവ്യർ, ഇ.എസ്.വിനോദ്, ബിനോയ്, രാജു കേളകം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പന്നിയിറച്ചിയുമായെത്തിയ വാഹനം തടഞ്ഞ് മൃഗസംരക്ഷണവകുപ്പ് അധികൃതരെ ഏൽപ്പിച്ചത്.
അനധികൃത പന്നി കടത്ത് തടയാൻ എല്ലാ ദിവസവും ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
രോഗത്തെത്തുടർന്ന് കർണാടകയിൽനിന്നും കേരളത്തിലേക്ക് പന്നി കടത്തുന്നത് തടയാൻ മൃഗസംരക്ഷണ വകുപ്പിന് നിർദേശമുണ്ട്. ഇതിനിടയിലാണ് അനധികൃതമായി പന്നിയിറച്ചി മലയോരത്തെ ഇറച്ചിക്കടകളിൽ എത്തിക്കുന്നത്.