ഇന്ത്യയിൽ ഫേസ്ബുക്കിന്റ വളർച്ചാനിരക്ക് കുറയുന്നതായി റിപ്പോർട്ട്. ഫേസ്ബുക്കിന്റെ മാതൃകന്പനിയായ മെറ്റായാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ലോകത്ത് ഏറ്റവും അധികം ആളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ.
പോയ 10 വർഷക്കാലം ഫേസ്ബുക്കിന് രാജ്യത്ത് അതിവേഗത്തിലുള്ള വളർച്ചയുണ്ടായിരുന്നു. കഴിഞ്ഞ നവംബറോടെ ഇന്ത്യയിൽ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 45 കോടി കവിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വളർച്ച മന്ദഗതിയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ സ്ത്രീ ഉപയോക്താക്കളിൽ പലരും കൈയൊഴിഞ്ഞതാണ് ഫേസ്ബുക്കിന് തിരിച്ചടിയായത്. സുരക്ഷയും സ്വകാര്യതയും സംബന്ധിച്ചുള്ള ആശങ്കകളും പുരുഷ മേധാവിത്വം കൂടുതലാണെന്നതുമാണ് ഭൂരിഭാഗം സ്ത്രീകളും ഫേസ്ബുക്ക് ഉപേക്ഷിക്കാൻ കാരണമായതായി വിലയിരുത്തുന്നത്.
പുതിയതായി ആളുകളെ ആകർഷിക്കാൻ കഴിയാത്തതും വലിയ തോതിൽ മൊബൈൽ ഡേറ്റ നിരക്ക് രാജ്യത്ത് വർധിച്ചതും ആളുകളിൽ താത്പര്യം കുറച്ചു. നിലവിലെ സാഹചര്യം തുടർന്നാൽ ലോകത്തെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ ഫേസ്ബുക്കിന് കൂടുതൽ തളച്ചയുണ്ടാകുമെന്നും മെറ്റയുടെ പഠനം പറയുന്നു.