കണ്ണൂർ: ക്വാറി ഉത്പന്നങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തിനും അസംസ്കൃത വസ്തുക്കൾ കിട്ടാത്തതിലും ഗവ.കോൺട്രാക്ടർമാർ പ്രതിഷേധവുമായി രംഗത്ത്. നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ സാധനങ്ങൾ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നൽകിയെങ്കിലും ഇതുവരെയും നടപ്പിലാക്കിയിട്ടല്ലെന്നാണ് കരാറുകാർ ആരോപിക്കുന്നത്. പൂഴി, മണൽ, കരിങ്കല്ല് തുടങ്ങിയ അസംസ്കൃത വസ്തുക്കൾ കിട്ടാനില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതുകാരണം ഏറ്റെടുത്ത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനോ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കാനോ കഴിയാത്ത സ്ഥിതിയാണ്.
ജില്ലയിൽ 1,100 ഗവ. കരാറുകാരാണുള്ളത്. മണൽ, കരിങ്കൽ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ കയറ്റിക്കൊണ്ടു പോകുന്ന ലോറികളെ പോലീസ് തടഞ്ഞ് വൻതുക പിഴ ഈടാക്കി മേഖലയെ തകർക്കുകയാണെന്നും കരാറുകാർ ആരോപിച്ചു. കമ്പി, സിമന്റ് , ടാർ തുടങ്ങിയവയ്ക്ക് സർക്കാർ മതിയായ വില നൽകുന്നില്ലെന്നും കരാറുകാർ പറഞ്ഞു.156 കിലോ ടാറിന് പുറത്ത് 10,000 രൂപ വില വരും. എന്നാൽ, സർക്കാർ കരാറുകാർക്ക് നൽകുന്നത് വെറും 7000 രൂപയാണ്. ഒരു കിലോ കമ്പിക്ക് 90 രൂപയാണെങ്കിൽ സർക്കാർ നൽകുന്നത് 75-80 രൂപ നിരക്കിലാണ്. ഇതുവലിയ നഷ്ടമാണ് കരാറുകാർക്ക് വരുത്തുന്നത്. നിർമാണ സാധനങ്ങൾ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികൃതർ നൽകിയ ഉറപ്പ് പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ചും മറ്റ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും 26ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ 24 മണിക്കൂർ നിരാഹാര സത്യഗ്രഹവും 27ന് സെക്രട്ടേറിയറ്റ് മാർച്ചും സംഘടിപ്പിക്കും.