ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധന സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ.
2021-ൽ 1,63,370 പേർ പൗരത്വം ഉപേക്ഷിച്ചെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ബിഎസ്പി എംപി ഫസ്ലുർ റഹ്മാന്റെ ചോദ്യത്തിന് മറുപടി നൽകവെ പാർലമെന്റിനെ അറിയിച്ചു. 2019 മുതൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കും അവർ കുടിയേറിയ രാജ്യങ്ങളും വെളിപ്പെടുത്തണമെന്നായിരുന്നു റഹ്മാന്റെ ചോദ്യത്തിന്റെ ഉള്ളടക്കം.
2019-ൽ 1,44,017 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചപ്പോൾ 2020-ൽ സംഖ്യ 85,256 ആയി കുറഞ്ഞിരുന്നു.
രാജ്യം വിടുന്ന “പൗരൻ’മാരുടെ ഇഷ്ട കുടിയേറ്റ സ്ഥലം അമേരിക്കയാണ്. 2020-ൽ 30,828 പേരും 2021-ൽ 78,284 പേരും അമേരിക്കൻ പൗരത്വം സ്വീകരിച്ചു. ഓസ്ട്രേലിയ, കാനഡ, യുകെ എന്നീ രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കാൻ യഥാക്രമം 23,533, 21,597, 14,637 ആളുകൾ 2021-ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു.
ഇറ്റലി, ന്യുസിലാൻഡ്, സിംഗപ്പുർ, ജർമനി, നെതർലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ കുടിയേറാൻ താൽപര്യപ്പെടുന്ന ഇഷ്ടനാടുകളുടെ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്.