കുടുംബശ്രീ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവർ വില്പന നടത്തുന്ന ചില്ലറ തൂക്കം വരുന്ന ഉത്പന്നങ്ങൾക്ക് ജിഎസ്ടി ചുമത്തില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര സർക്കാർ അവശ്യ സാധങ്ങൾക്ക് മുകളിൽ ചരക്ക് സേവന നികുതി ചുമത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
ഒന്നോ രണ്ടോ കിലോഗ്രാം തൂക്കമുള്ള ഉത്പന്നങ്ങൾ വിൽക്കുന്ന ചെറുകിട കച്ചവടക്കാരിൽ നിന്നും കുടുംബശ്രീ പോലുള്ള ഉത്പാദകരിൽ നിന്നും, അവരുടെ ഉത്പന്നങ്ങൾക്ക് നികുതി ചുമത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ തീരുമാനം കേന്ദ്ര സർക്കാരുമായുള്ള പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.