കൈറ്റ് രൂപീകൃതമായിട്ട് (ജൂലൈ 20) അഞ്ച് വർഷം
*കൈറ്റിന് അഞ്ചുലക്ഷം രൂപയുടെ സി.എം. ഇന്നൊവേഷൻ അവാർഡ്
പബ്ലിക് പോളിസിയിലെ ഇന്നൊവേഷനുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് ഇന്നൊവേഷൻ അവാർഡ് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ലഭിച്ചു. ‘പ്രൊസീഡ്യുറൽ ഇന്റർവെൻഷൻ’ (Procedural Intervention) വിഭാഗത്തിലാണ് അഞ്ചുലക്ഷം രൂപയുടെ അവാർഡ്.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ 2000ത്തിൽ തുടക്കം കുറിച്ച ഐ.ടി.@സ്‌കൂൾ പ്രോജക്ടാണ് അഞ്ചു വർഷം മുൻപ് (2017 ജൂലൈ 20-ന്) കൈറ്റ് എന്ന പേരിൽ സർക്കാർ കമ്പനിയായി മാറിയത്. എട്ടു മുതൽ പന്ത്രണ്ടുവരെയുള്ള 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കൽ, 11,000 പ്രൈമറി സ്‌കൂളുകളിൽ ഐ.ടി. ലാബുകൾ സ്ഥാപിക്കൽ, ‘സമഗ്ര’ റിസോഴ്‌സ് പോർട്ടൽ ഒരുക്കൽ തുടങ്ങിയ 800 കോടി രൂപയുടെ പദ്ധതികൾ അഞ്ചുവർഷം കൊണ്ട് കൈറ്റ് വിജയകരമായി പൂർത്തിയാക്കി. 2020 ഒക്ടോബർ 12 ന് വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. പൊതുവിദ്യാഭ്യാസ രംഗത്ത് രണ്ട് ലക്ഷം ലാപ്‌ടോപ്പുകളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതുകൊണ്ട് മാത്രം 3000 കോടി രൂപ ഖജനാവിന് ലാഭിക്കാനാകുന്നതും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഐ.ടി. @ സ്‌കൂളിൽ നിന്നും കൈറ്റ് ആയി മാറിയപ്പോൾ കിഫ്ബിയുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുള്ള എസ്.പി.വി. ആയും കൈറ്റ് പ്രവർത്തിക്കുന്നു. അഞ്ച് കോടി രൂപയുടെ 139 സ്‌കൂളുകളുടെയും മൂന്ന് കോടി രൂപയുടെ 93 സ്‌കൂളുകളുടേയും നിർമാണ പ്രവർത്തനങ്ങളും ഈ കാലയളവിൽ 96 ശതമാനം പൂർത്തിയാക്കിയതായി കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ദേശീയ തലത്തിലുള്ള 9 അവാർഡുകൾ ഉൾപ്പെടെ 15 അവാർഡുകൾ കൈറ്റിന് ലഭിച്ചു. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ വിവര സംഭരണിയായി ‘സ്‌കൂൾവിക്കി’, കേരളത്തിലെ ആദ്യ ഔദ്യോഗിക ഓൺലൈൻ കോഴ്‌സായ ‘കൂൾ’, പൊതുവിദ്യാഭ്യാസ വകുപ്പിലെ തസ്തിക നിർണയം, സ്റ്റാഫ് ഫിക്‌സേഷൻ, നിയമനവും സ്ഥലം മാറ്റവും, കലോത്സവങ്ങൾ തുടങ്ങിയവയുടെ ഐ.ടി. ആപ്ലിക്കേഷനുകൾ അടക്കം നിരവധി ഇ-ഗവേണൻസ് പ്രവർത്തനങ്ങളും കൈറ്റ് നടപ്പാക്കി വരുന്നുണ്ട്.
കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്‌സിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തയ്യാറാക്കിയ 18,000 ഡിജിറ്റൽ ക്ലാസുകളടങ്ങിയ ഫസ്റ്റ്‌ബെല്ലാണ് കൈറ്റിന് അഞ്ചുലക്ഷം രൂപയുടെ സി.എം. ഇന്നൊവേഷൻ അവാർഡിനർഹമാക്കിയ ഒരു പ്രോഗ്രാം. 3.57 ലക്ഷം കുട്ടികൾ ഇതിനകം അംഗങ്ങളായ ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബുകളാണ് മറ്റൊന്ന്. ഈ വർഷം 9000 റോബോട്ടിക് കിറ്റുകളും 16,500 ലാപ്‌ടോപ്പുകളും കൈറ്റിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ വിന്യസിക്കും എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.