കണ്ണൂർ: കോവിഡനന്തരമുള്ള കടുത്ത വെല്ലുവിളികളും അസംസ്കൃത വസ്തുക്കളുടെ വിലവർധനവും കാരണം പ്രതിസന്ധി നേരിടുന്പോൾ വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ ആശങ്കയിലായി സംസ്ഥാനത്തെ വ്യവസായലോകം. സംസ്ഥാനത്തെ ഭൂരിഭാഗം വ്യവസായ സ്ഥാപനങ്ങൾക്കും വൈദ്യുതിനിരക്ക് വർധന തിരിച്ചടിയാകും.
വൈദ്യുതിനിരക്കിനത്തിൽ ഇപ്പോൾത്തന്നെ ഭീമമായ തുക വ്യവസായ സ്ഥാപനങ്ങൾക്കു ചെലവിടേണ്ടിവരുന്നുണ്ട്. തൊഴിലാളികളുടെ ശന്പളവർധനയും അസംസ്കൃത വസ്തുക്കളുടെ വിലവർധനവും കാരണം പ്രതിസന്ധി നേരിടുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് വൈദ്യുതിനിരക്ക് കൂട്ടിയത് വലിയ ബാധ്യതയുണ്ടാക്കുമെന്ന് വ്യവസായികൾ പറയുന്നു. ചെറുകിട വ്യവസായ മേഖലയെയും നിരക്കുവർധന പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങൾക്ക് താരിഫിൽ 18 ശതമാനം വർധനയാണു പ്രത്യക്ഷത്തിൽ വരുന്നത്. പരോക്ഷമായി ട്രാൻസ്മിഷൻ നിരക്കിലും വീലിംഗ് നിരക്കിലും സർചാർജിലും വർധനവുണ്ടായിട്ടുണ്ട്.
പൊതു-സ്വകാര്യ മേഖലകളെടുത്താൽ സംസ്ഥാനത്ത് കൂടുതലും 110 കെവി വൈദ്യുതി ഉപയോക്താക്കളായിട്ടുള്ള വൻകിട വ്യവസായങ്ങളാണ്. ഈ വിഭാഗത്തിലും 66 കെവിയിലും കെഎസ്ഇബി സമർപ്പിച്ച നിർദേശപ്രകാരമുള്ള നിരക്ക് വർധന റെഗുലേറ്ററി കമ്മീഷൻ കണ്ണടച്ചുകൊണ്ട് അതേപടി അംഗീകരിക്കുകയാണെന്നാണു വ്യവസായികൾ പറയുന്നത്.
റെഗുലേറ്ററി കമ്മീഷന്റെ കണക്കുപ്രകാരം 2019-20ൽ 127 കോടി രൂപയും 2020-21ൽ 86 കോടിയുമായിരുന്നു ലാഭം. കെഎസ്ഇബി ചെയർമാനും വകുപ്പു മന്ത്രിയും പറഞ്ഞ കണക്കുപ്രകാരം 2021-22ൽ 1466 കോടി രൂപയാണു ലാഭം.