മുല്ലപ്പെരിയാര്‍ അണക്കെട്ടിലും പെരിയാറിലും ജലനിരപ്പ് ഉയരുമ്ബോള്‍ അപകട സൂചന മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതം.
ദുരന്തനിവാരണ അതോറിറ്റി ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സൂചന മുന്നറിയിപ്പ് സംവിധാനങ്ങളാണ് പണിമുടക്കിയത്. അടിയന്തര ഘടത്തില്‍ പ്രവര്‍ത്തിപ്പിക്കേണ്ട ശബ്ദസംവിധാനങ്ങളും പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്.
പെരിയാര്‍ തീരങ്ങളിലൂടെയുള്ള റോഡുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുക, എസ്റ്റേറ്റുകളിലൂടെയുള്ള ഗേറ്റുകള്‍ എപ്പോഴും തുറന്നിടുക, പെരിയാര്‍ തീരങ്ങളിലെ പ്രധാന ജനവാസ കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുക തുടങ്ങിയ തീരുമാനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ താലൂക്ക് ആസ്ഥാനത്തും, മഞ്ചുമലയിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതല്ലാതെ മറ്റു തീരുമാനങ്ങള്‍ ഒന്നും ഈ വര്‍ഷവും നടപ്പിലായില്ല.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയാകുമ്ബോള്‍ കലക്‌ട്രേറ്റില്‍ വിവരം നല്‍കുന്നതിനാണ് 2012 ല്‍ വള്ളക്കടവ്, പീരുമേട് താലൂക്ക് ഓഫിസ്, മഞ്ചുമല, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍ വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചത്. ഉപകരങ്ങളുടെ ഗുണനിലവാരമില്ലായ്മ മൂലം ആദ്യത്തെ ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ, ഉപകരണങ്ങള്‍ നശിച്ചു.
രണ്ടു മാസം കഴിഞ്ഞപ്പോള്‍ കാറ്റില്‍ ആന്റിനയും കോളാമ്ബിയും നിലംപൊത്തി. റവന്യു ഉദ്യോഗസ്ഥര്‍ പിന്നീടിത് ഉയര്‍ത്തി സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തിപ്പിക്കാനാകില്ല. നാട്ടുകാരും, റവന്യു ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടെങ്കിലും തകരാറ് മാറ്റാനോ പുതിയത് സ്ഥാപിക്കാനോ ജില്ല ഭരണകൂടമോ സര്‍ക്കാരോ തയാറായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.