ഇടുക്കി: കനത്ത മഴയില്‍ ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പിന്റെ റണ്‍വേ ഇടിഞ്ഞു. റണ്‍വേയുടെ വശത്തുള്ള ഷോള്‍ഡറിന്റെ ഭാഗമാണ് ഇടിഞ്ഞത്. ഏകദേശം 100 മീറ്റര്‍ നീളത്തില്‍ 150 അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞത്.
2018ലും കനത്ത മഴയെത്തുടര്‍ന്ന് ഇവിടെ ചെറിയരീതിയില്‍ മണ്ണിടിഞ്ഞിരുന്നു. അതിനോട് ചേര്‍ന്നുള്ള ഭാഗത്താണ് ഇപ്പോള്‍ കൂടുതല്‍ മണ്ണിടിഞ്ഞത്. മണ്ണൊലിപ്പ് തടയാന്‍ പുല്ല് വച്ചുപിടിപ്പിക്കാന്‍ കരാര്‍ നല്‍കിയിട്ടും പൊതുമരാമത്ത് വകുപ്പ് അലംഭാവം കാണിച്ചതിനാല്‍ പണികള്‍ നടന്നിരുന്നില്ലെന്നാണ് ആക്ഷേപം.
എന്‍സിസി കേഡറ്റുകള്‍ക്ക് ചെറുവിമാനം ഇറക്കാനുള്ള എയര്‍സ്ട്രിപ്പ് പദ്ധതിക്കായി 12 കോടി രൂപയാണ് സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത്. മണ്ണിടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തികെട്ടി റണ്‍വേ പഴയനിലയിലാക്കാന്‍ ഇനിയും കോടികള്‍ ചെലവഴിക്കേണ്ടി വരും.