പുനരധിവാസ മേഖലയിലെ ഒൻപതാം ബ്ലോക്കിൽ ഇറങ്ങിയ കാട്ടാന ഇവിടുത്തെ താമസക്കാരായ സുകു – മല്ലിക ദമ്പതികളുടെ തെങ്ങുകളും ആട്ടിൻകൂടും തകർത്തു. ഇവരുടെ എട്ടു വർഷത്തോളം പ്രായമായ ഏഴോളം തെങ്ങുകളാണ് ആന നശിപ്പിച്ചത്. നബാർഡ് സ്വയം തൊഴിൽ പദ്ധതി പ്രകാരം ലഭിച്ച ആടുകൾക്കായി വീടിനോട് ചേർന്ന് നിർമ്മിച്ച ആട്ടിൻ കൂട് തകർക്കുകയും ചെയ്തു. അഞ്ചോളം ആടുകളാണ് കൂട്ടിൽ ഉണ്ടായിരുന്നത്. ഇവക്ക് പരിക്കേൽക്കുകയും ചെയ്തു. തൊട്ടടുത്ത് താമസക്കാരനായ കുഞ്ഞിരാമൻ – ലളിത ദമ്പതികളുടെ വീട്ടുപറമ്പിലെ തെങ്ങുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫാം പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിലെ താമസക്കാനായ പുതുശ്ശേരി ദാമുവിനെ കാട്ടാന ചവിട്ടിക്കൊന്നത്.
ഇതിനുശേഷം പ്രദേശവാസികളിൽ നിന്നും ഉണ്ടായ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഫാമിൽ തമ്പടിച്ചു കിടക്കുന്ന ആനകളെ തുരത്തി കാട്ടിലേക്ക് വിടാനുള്ള ശ്രമം വനപാലകരുടെ ഭാഗത്തു നിന്നും തുടരുന്നതിനിടെയാണ് വീണ്ടും വീണ്ടും ജനവാസ മേഖലയിൽ ആനകളിറങ്ങി നാശം വിതച്ചു കൊണ്ടിരിക്കുന്നത്. ഇത് പുനരധിവാസ മേഖലയിലെ ജനങ്ങളെ മുഴുവൻ ഭീതിയിലാക്കുകയാണ്.