കേരളപ്പിറവി ദിനത്തിൽ കേരളത്തിന്റെ സ്വന്തം ഒടിടി പ്രവർത്തനം ആരംഭിക്കുമെന്നു സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ. സാംസ്കാരിക, സിനിമ വകുപ്പുകളുടെ ചുമതലയേറ്റ ശേഷം ഇന്നലെ കോട്ടയത്തു മാധ്യമ പ്രവർത്തകരുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോട്ടയത്തു നടന്നുവരുന്ന ഫിലിം ഫെസ്റ്റിവൽ വിപുലമാക്കും.
ചില കലാകാരന്മാർക്കു പെൻഷൻ കിട്ടുന്നില്ലെന്ന പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതു പരിശോധിക്കും. എഴുത്തച്ഛൻ പുരസ്കാരത്തിന് സമാനമായി പ്രവാസി എഴുത്തുകാർക്കു പുരസ്കാരം ഏർപ്പെടുത്തും.
ചലച്ചിത്ര നിർമാതാക്കൾക്കു നൽകുന്ന അഞ്ചു ലക്ഷം രൂപ സബ്സിഡി കാലോചിതമായി പരിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. വനിതകൾക്കും എസ്എസ്ടി വിഭാഗത്തിലുള്ളവർക്കും സിനിമ നിർമിക്കാനായി ആറു കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഒടിടി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തീയേറ്ററുകളുടെ നിലനിൽപിനാവശ്യമായ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.