ഒരുതരത്തിലും ജീവിക്കാൻ അനുവദിക്കില്ലെന്ന നാട്ടുപറച്ചിൽപോലെയായി കാര്യങ്ങൾ. നികുതിചുമത്തിയതോടെ അരിവിലയും വർധിക്കും. ഒരു കിലോയിൽ രണ്ട് രൂപവരെ വർധിക്കുമെന്നാണ് വിവരം.
50 കിലോ അരിക്കും ജിഎസ്ടി ചുമത്തുമെന്ന് മിൽ ഉടമകൾ വ്യാപാരികളെ അറിയിച്ചു. പായ്ക്ക് ചെയ്ത ബ്രാൻഡഡ് അരിക്ക് മാത്രമായിരുന്നു ഇതുവരെ നികുതി. സംസ്ഥാന ജിഎസ്ടി വകുപ്പ് പുതുക്കിയ വിജ്ഞാപനം ഇറക്കിയിട്ടില്ല.
അരിയും ഗോതമ്പും അടക്കം ധാന്യങ്ങൾക്കും പയറു വർഗങ്ങൾക്കും 5 ശതമാനം ജിഎസ്ടിയാണ് ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതൽ രാജ്യത്തെങ്ങും ഇത് പ്രാബല്യത്തിൽവരും. കഴിഞ്ഞ മാസം 28നും 29നും ചേർന്ന ജിഎസ്ടി കൗൺസിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ലേബൽ പതിച്ചതും പായ്ക്ക് ചെയ്തതുമായ 25 കിലോയിൽ താഴെയുള്ള ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കുമാണ് നികുതി ഏർപ്പെടുത്തേണ്ടിയിരുന്നത്. എന്നാൽ, ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോൾ 25 കിലോയെന്ന പരിധി സർക്കാർ എടുത്തു കളഞ്ഞതോടെയാണ് ചില്ലറയായി തൂക്കി വിൽക്കുന്ന ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയറു വർഗങ്ങൾക്കും അടക്കം നികുതി ബാധകമായത്. ഇതുവരെ പാക്കറ്റിൽ വിൽക്കുന്ന ബ്രാൻഡഡ് അരിക്കും മറ്റും മാത്രമായിരുന്നു നികുതി.