കുട്ടികൾക്ക് രാവിലെ ഏഴിന് സ്കൂളിൽ പോകാമെങ്കിൽ ജഡ്ജിമാർക്കും അഭിഭാഷകർക്കും രാവിലെ ഒൻപതിന് കോടതിയിലെത്തിക്കൂടേ എന്ന ചോദ്യവുമായി സുപ്രീംകോടതി ജസ്റ്റീസ് യു. ലളിത്.
പതിവു സമയത്തേക്കാൾ ഒരു മണിക്കൂർ മുൻപേ കോടതി നടപടികൾക്കു തുടക്കമിട്ടുകൊണ്ടാണ് ജസ്റ്റീസ് യു. ലളിതിന്റെ ഈ ചോദ്യം. സുദീർഘമായ വിചാരണകൾ ആവശ്യമില്ലാത്ത സമയത്ത് കോടതികൾ രാവിലെ ഒൻപതിനു തന്നെ ആരംഭിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റീസ് ലളിത് ചൂണ്ടിക്കാട്ടി.
തുടർന്ന് 11.30ന് അര മണിക്കൂർ ഇടവേളയെടുക്കാം. തിരിച്ചെത്തി രണ്ട് വരെ വീണ്ടും ജോലി ചെയ്യാം. അങ്ങനെ ചെയ്താൽ വൈകുന്നേരം കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സമയം ലഭിക്കുമെന്നും ജസ്റ്റീസ് ലളിത് ചൂണ്ടിക്കാട്ടി.