സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിനുകീഴിൽ ‘ഭവനം ഫൗണ്ടേഷൻ’ ജനനി പദ്ധതിയിൽ നിർമിച്ച പെരുമ്പാവൂർ പോഞ്ഞാശേരിയിലെ ഫ്ലാറ്റുകൾ വിൽപ്പന ആരംഭിച്ചു. അസംഘടിത തൊഴിലാളികൾക്കും കുറഞ്ഞ വേതനമുള്ള ജീവനക്കാർക്കും പാർപ്പിടസൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്.
മൂന്നേക്കറിലാണ് ഫ്ലാറ്റ് സമുച്ചയം. ബേസ്‌മെന്റും ഗ്രൗണ്ട് ഫ്ലോറും അടക്കം 14 നിലകളാണുള്ളത്. 74 ഫ്ലാറ്റുകളാണ് ഒരു സമുച്ചയത്തിൽ. ഓരോ ഫ്ലാറ്റിനും 645 ചതുരശ്ര അടിയാണ് വിസ്‌തീർണം. രണ്ട് കിടപ്പുമുറികൾ, ലിവിങ് കം ഡൈനിങ് ഏരിയ, കിച്ചൻ കം വർക്ക് ഏരിയ, ശുചിമുറി എന്നിവയുണ്ട്. ഹെൽത്ത് ക്ലബ്, റിക്രിയേഷൻ മുറി, അഗ്നിശമന സംവിധാനം, ലിഫ്റ്റുകൾ, ഡീസൽ ജനറേറ്റർ സംവിധാനം, പാർക്കിങ് സൗകര്യങ്ങൾ, 24 മണിക്കൂറും സെക്യൂരിറ്റി തുടങ്ങിയ പൊതുവായ സംവിധാനങ്ങളും ഉണ്ട്. പരസ്യത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഭവനം ഫൗണ്ടേഷൻ കേരള ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ജി എൽ മുരളീധരൻ പറഞ്ഞു. മൂന്നു ദിവസത്തിനുള്ളിൽ 350 വിളികളെത്തി. ഒരു ഫ്ലാറ്റിന് 21.62 ലക്ഷം രൂപയാണ് വില. പാർക്കിങ്ങിന് ഒരു ലക്ഷം കൂടുതൽ നൽകണം. ബാങ്കുകൾക്ക് ആവശ്യമായ എല്ലാ രേഖകളും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഫോൺ: 0471 2446632, 80890 98803. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്‌ത് 12.