ബത്തേരി ∙ വയനാട്ടിൽ ഭീതി പരത്തി വീണ്ടും കടുവയുടെ ആക്രമണം. ബത്തേരിക്കടുത്ത് വാകേരിയിലെ ഏദൻവാലി എസ്റ്റേറ്റിലെ തൊഴിലാളിയുടെ വളർത്തുനായയെ കടുവ ആക്രമിച്ചുകൊന്നു. കടുവ ഇറങ്ങിയതിന്റെ വിഡിയോ പുറത്തുവന്നതോടെ ജനങ്ങൾ ഭീതിയിലാണ്. ഇവിടെ കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
എസ്റ്റേറ്റിലെ നൂറുകണക്കിനു തൊഴിലാളികൾ ദിവസേന നടന്നുപോകുന്ന വഴിയരികിലാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. എസ്റ്റേറ്റിലെ തൊഴിലാളിയുടെ നായയെ കടിച്ചെടുത്ത് ചെടികൾക്കുള്ളിലേക്കു മറഞ്ഞ കടുവ, അവിടെവച്ചാണ് നായയെ കൊന്നത്. നായയുടെ ജഡം തൊഴിലാളികൾ പിന്നീട് കണ്ടെടുത്തിരുന്നു.
ഇവിടെ കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ വനംവകുപ്പ് അധികൃതരോട് സ്ഥിരമായി പരാതിപ്പെടുന്നതാണ്. ഈ പ്രദേശത്ത് മുൻപും കടുവയെ കണ്ടവരുണ്ട്. ജനവാസ മേഖലയിലിറങ്ങി ആക്രമണം നടത്തുന്ന കടുവയെ പിടികൂടാനുള്ള നടപടി അടിയന്തരമായി കൈക്കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അടുത്തിടെ ഒരു ആദിവാസി സ്ത്രീ കഷ്ടിച്ചാണ് കടുവയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.