കേരള വാട്ടർ അഥോറിറ്റിക്ക് 1,131 കോടി രൂപ കുടിശിക ഇനത്തിൽ പിരിഞ്ഞുകിട്ടാനുണ്ടെന്നു മന്തി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു.
വിവിധ സർക്കാർ വകുപ്പുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഗാർഹിക, ഗാർഹികേതര ഉപയോക്താക്കൾ എന്നിവരിൽനിന്നാണ് ഈ തുക പിരിഞ്ഞു കിട്ടാനുള്ളത്. വാട്ടർ അഥോറിറ്റിയുടെ ദൈനംദിന പ്രവർത്തനത്തെത്തന്നെ ഇതു ബാധിക്കുന്നുണ്ടെന്നും മന്ത്രി ചോദ്യോത്തരവേളയിൽ അറിയിച്ചു.
ഇതിനു പരിഹാരം കാണുന്നതിനായി ഓഗസ്റ്റ് 15നകം അദാലത്ത് നടത്തും. 50 ശതമാനം വരെ ഇളവ് നൽകുന്ന നിലയിലായിരിക്കും അദാലത്ത് സംഘടിപ്പിക്കുക. വെള്ളം ലീക്ക് ചെയ്യുന്നതുമൂലം ഗാർഹിക ഉപയോക്താക്കൾക്ക് വലിയ ബിൽ തുക വരുന്നുണ്ട്. അത്തരം പരാതികൾ പരിഹരിക്കുന്നതിന് അദാലത്തിൽ അവസരം നൽകും.
2024-26 ഓടു കൂടി ജലജീവൻ മിഷൻ സന്പൂർണ പദ്ധതി പൂർത്തിയാക്കും. 2024 ഓടെ 20.67 ലക്ഷം കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കും. ജലജീവൻ പദ്ധതിയുടെ പൂർത്തീകരണം വൈകുന്നത് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസമാണെന്നു മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു.