സർക്കാർ നിയന്ത്രണത്തിലുള്ള മിൽമയും കേരള ഫീഡ്‌സും ഉത്പാദിപ്പിക്കുന്ന കാലിത്തീറ്റയ്ക്ക് വില കൂട്ടില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയിൽ അറിയിച്ചു. എന്നാൽ, വിപണിയിലെ കാലിത്തീറ്റവില നിയന്ത്രണത്തിൽ ഇടപെടുന്നതിന് സർക്കാരിന് പരിമിതിയുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് പശുക്കളെ വളർത്താൻ പശുവൊന്നിന് 20,000 രൂപ നാലുശതമാനം പലിശയ്ക്ക് വായ്പനൽകും. ഇതിൽ ആദ്യം പലിശമാത്രം തിരിച്ചടച്ചാൽ മതി. മാസം 80 രൂപ. രണ്ടുലിറ്റർ പാലിന്റെ വിലകൊണ്ട് പലിശ അടയ്ക്കാമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ക്ഷീരകർഷകർക്ക് ലിറ്ററിന് നാലുരൂപ ഇൻസെൻറീവ് നൽകുന്നത്.
നേരത്തേ ചില തദ്ദേശസ്ഥാപനങ്ങളിൽ മാത്രം നടപ്പാക്കിയിരുന്ന ഈ പദ്ധതി എല്ലായിടത്തേക്കും വ്യാപിപ്പിക്കുകയാണ്. 66 തദ്ദേശസ്ഥാപനങ്ങൾ ഒഴികെയുള്ളവ ഇതിനായി പണം നീക്കിവെക്കാൻ തയ്യാറായിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ ഡെയറി പാർക്ക് ഇടുക്കി കോലാഹലമേട്ടിൽ പ്രവർത്തനം തുടങ്ങും.