24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വെൽഫെയർ സ്ഥാപനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ തുടർന്നും അനുവദിക്കും: മന്ത്രി ജി. ആർ. അനിൽ
Kerala

വെൽഫെയർ സ്ഥാപനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ തുടർന്നും അനുവദിക്കും: മന്ത്രി ജി. ആർ. അനിൽ

സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, കന്യാസ്ത്രി മഠങ്ങൾ തുടങ്ങി അംഗീകാരമുള്ള വെൽഫെയർ സ്ഥാപനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ തുടർന്നും അനുവദിക്കുമെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിയമസഭയിൽ അറിയിച്ചു. പി.എസ്. സുപാൽ എം.എൽ.എ അവതിരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വെൽഫെയർ സ്‌കീം പ്രകാരമുള്ള ഭക്ഷ്യ ധാന്യങ്ങൾ കേന്ദ്രത്തിൽ നിന്നും അനുവദിക്കുന്നതുവരെ ടൈഡ് ഓവർ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങളിൽ നിന്നും ഇത്തരം സ്ഥാപനങ്ങൾക്ക് കഴിഞ്ഞ നാൾ വരെ നൽകിയിരുന്ന തോതിൽ ഈ മാസം മുതൽ ഭക്ഷ്യ ധാന്യങ്ങൾ നൽകും. ടൈഡ് ഓവർ വിഹിതമായി കേന്ദ്ര സർക്കാർ അനുവദിച്ചു വന്നിരുന്ന ഗോതമ്പ് നിർത്തലാക്കിയ സാഹചര്യത്തിൽ പകരമായി അരി നൽകും.

സംസ്ഥാനത്ത് സാമൂഹിക ക്ഷേമവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ മുതലായ ക്ഷേമ സ്ഥാപനങ്ങൾക്കും പട്ടികജാതി പട്ടികവർഗ മറ്റു പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾക്കുമാണ് ഈ സ്‌കീം പ്രകാരം ഭക്ഷ്യ ധാന്യങ്ങൾ നൽകിവരുന്നത്. ഈ സ്ഥാപനങ്ങളിലെ ഓരോ അന്തേവാസിക്കും പ്രതിമാസം 10.5 കിലോ അരി 5.65 രൂപ നിരക്കിലും 4.5 കിലോ ഗോതമ്പ് 4.15 രൂപ നിരക്കിലും നൽകുന്നുണ്ട്.

സംസ്ഥാനത്ത് അംഗീകാരമുള്ള ക്ഷേമ സ്ഥാപനങ്ങൾക്കാണ് കേന്ദ്ര സർക്കാരിന്റെ ദർപ്പൺ എന്ന സോഫ്റ്റ്‌വയർ വഴി വെൽഫെയർ പെർമ്മിറ്റ് അനുവദിച്ചിരുന്നത്. 2018-2019 സാമ്പത്തിക വർഷത്തിലെ ആദ്യ അലോട്ട്‌മെന്റിന് ശേഷം നാളിതു വരെ ഈ സ്‌കീമിൽ ഭക്ഷ്യ ധാന്യങ്ങൾ കേന്ദ്രം അനുവദിച്ചിട്ടില്ല. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി എന്ന നിലയിൽ ഈ വിഷയം നേരിട്ട് പലതവണ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഏറ്റവും അവസാനമായി 2022 ഫെബ്രുവരി 26ന് ഈ വിഷയം സംബന്ധിച്ച് കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുള്ളതുമാണ്. ഇതിനു മറുപടിയായി കേന്ദ്ര ഭക്ഷ്യ മന്ത്രിയുടെ 2022 മാർച്ച് 23 ലെ കത്ത് സംസ്ഥാനത്തിന് ലഭിച്ചിരുന്നു. പല വിധമായ സാങ്കേതിക തടസങ്ങളാണ് കത്തിൽ ചൂണ്ടികാട്ടിയിട്ടുള്ളത്.

ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളുടെ പട്ടിണി മാറ്റുന്നതിനായി സംസ്ഥാന സർക്കാർ ഈ കാലയളവിൽ 2837.885 മെ.ടൺ അരിയും 736.027 മെ.ടൺ ഗോതമ്പും വിതരണം നടത്തിയിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്തിന് 1.65 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Related posts

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ സേവനങ്ങൾ ഇനി ഓൺലൈനിൽ

Aswathi Kottiyoor

മഞ്ജുഷ മനോജിന് ഒന്നാം സ്ഥാനം

Aswathi Kottiyoor

17കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവം പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox