ഇംഫാൽ അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ് മാർ ജോസഫ് മിറ്റത്താനി (91) കാലം ചെയ്തു. ഇന്നലെ രാവിലെ പത്തിന് ഇംഫാൽ സിഎംസി ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരശുശ്രൂഷകൾ വ്യാഴാഴ്ച പത്തിന് ഇംഫാൽ സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ആരംഭി ക്കും.
രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ സജീവമായ മിഷൻ ചൈതന്യമായിരുന്നു ആർച്ച്ബിഷപ് മിറ്റത്താനി. കുറവിലങ്ങാട് മിറ്റത്താനി മാത്യു-എലിസബത്ത് ദന്പതികളുടെ രണ്ടാമത്തെ മകനായി 1931 ജൂലൈ 12നായിരുന്നു ആർച്ച്ബിഷപ്പിന്റെ ജനനം. പിറന്നാളിന്റെ തലേദിനമായിരുന്നു മരണം.
ഷില്ലോംഗ് ബോർപുക്ക്രി പള്ളി അസിസ്റ്റന്റ് വികാരിയായാണു പൗരോഹിത്യ ശുശ്രൂഷയ്ക്ക് തുടക്കമിട്ടത്. 1969 സെപ്റ്റംബർ 27ന് ടെസ്പുർ രൂപതാധ്യക്ഷനായി ചുമതലയേറ്റു. 1980 ജൂണ്‍ 29ന് ഇംഫാൽ ബിഷപ്പായും 1995 ജൂലൈ 10ന് ഇംഫാൽ ആർച്ച്ബിഷപ്പായും നിയമിതനായി.
2006 ജൂലൈ 12ന് ആർച്ച്ബിഷപ് പദവിയിൽനിന്നു വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സഹോദരങ്ങൾ: എം.എം. മാത്യു, മേരി ജോസഫ് പുത്തൻപുര മാൻവെട്ടം (കാനഡ), പരേതരായ എം.എം. തോമസ്, എം.എം. ജോർജ്, ഫാ. ളൂയിസ് മിറ്റത്താനി സിഎം, എം.എം. സെബാസ്റ്റ്യൻ, മാമ്മച്ചൻ മിറ്റത്താനി.