22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഒടിടി ഇടവേള കൂട്ടണം ; താരവില കുറയ്‌ക്കണം ; ആവശ്യം ശക്തമാക്കി ഫിയോക്‌
Kerala

ഒടിടി ഇടവേള കൂട്ടണം ; താരവില കുറയ്‌ക്കണം ; ആവശ്യം ശക്തമാക്കി ഫിയോക്‌

മലയാളസിനിമകളുടെ ഒടിടി റിലീസ്‌ തിയറ്റർ റിലീസ്‌ കഴിഞ്ഞ്‌ 42 ദിവസത്തിനുശേഷമാക്കണമെന്ന ആവശ്യം ശക്തമാക്കി തിയറ്റർ ഉടമാസംഘം. കോവിഡ്‌ നിയന്ത്രണങ്ങളുടെ കാലത്താണ്‌ ഇത്‌ 30 ദിവസമാക്കിയത്‌. നിയന്ത്രണങ്ങൾ നീങ്ങിയശേഷം ഒടിടി റിലീസുകൾ വർധിച്ചതും തിയറ്ററിൽ കാണാൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങളില്ലാത്തതും കടുത്ത പ്രതിസന്ധിയിലാക്കിയെന്ന്‌ തിയറ്റർ ഉടമാ സംഘടനയായ ഫിയോക്കിന്റെ ജനറൽ സെക്രട്ടറി സുമേഷ്‌ ജോസഫ്‌ പറഞ്ഞു.

കോവിഡ്‌ നിയന്ത്രണങ്ങളുള്ള സമയത്ത്‌ നിർമാണം പൂർത്തിയായ ചിത്രങ്ങൾ വൈകാതെ റിലീസ്‌ ചെയ്യാനാണ്‌ 30 ദിവസത്തെ ഇടവേള തീരുമാനിച്ചത്‌. അതുവഴി ചെറുതും വലുതുമായ നൂറോളം സിനിമകൾ റിലീസ്‌ ചെയ്യാനായി. നിയന്ത്രണങ്ങൾ പൂർണമായി നീങ്ങിയിട്ടും ഒടിടി റിലീസ്‌ ഇടവേള മാറ്റമില്ലാതെ തുടർന്നു. മാർച്ച്‌ 31നുശേഷം 42 ദിവസമായി പുനഃസ്ഥാപിക്കണമെന്ന്‌ ഫിയോക്‌ ആവശ്യപ്പെട്ടിട്ടും നടപ്പായിട്ടില്ല. 56 ദിവസമാക്കണമെന്നാണ്‌ ഫിയോക്കിന്റെ ആവശ്യം. ഹിന്ദി ചിത്രങ്ങളുടെ ഒടിടി റിലീസ്‌ എട്ട്‌ ആഴ്‌ചയ്‌ക്കുശേഷമാക്കിയിട്ടുണ്ട്‌. ഒടിടി റിലീസ്‌ ഇടവേള കുറഞ്ഞത്‌ തിയറ്ററുകളിൽ പ്രേക്ഷകർ കുറയാൻ കാരണമായി. തിയറ്ററിൽ റിലീസാകുന്ന സിനിമ 30 ദിവസത്തിനകം ഒടിടിയിൽ എത്തുന്നത്‌ കാത്തിരിക്കുകയാണ്‌ പ്രേക്ഷകർ.

വലിയ സിനിമകൾ വേണം
കെജിഎഫ്‌2, ആർആർആർ, വിക്രം എന്നീ സിനിമകൾ ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ പകുതി തിയറ്ററുകളെങ്കിലും രണ്ടുമാസത്തിനിടെ അടച്ചുപോകുമായിരുന്നെന്ന്‌ സുമേഷ്‌ ജോസഫ്‌ പറഞ്ഞു. തിയറ്ററിൽ പോയി കാണാൻ പ്രേരിപ്പിക്കുന്ന അത്തരം സിനിമകൾ മലയാളത്തിൽ കുറവ്‌. ഒടിടി ലക്ഷ്യമിട്ടാണ്‌ താരസിനിമകൾപോലും ഉണ്ടാകുന്നത്‌. അഞ്ചുകോടി രൂപ മുടക്കി സിനിമയെടുത്താൽ മൂന്നുകോടി ഒടിടി ഉറപ്പ്‌. മറ്റ്‌ റൈറ്റുകളിൽനിന്ന്‌ ഒന്നരക്കോടി ലഭിക്കും. 50 ലക്ഷത്തിന്റെമാത്രം റിസ്‌കിലാണ്‌ ചിത്രം തിയറ്ററിന്‌ നൽകുന്നത്‌. അത്‌ പ്രേക്ഷകർ നിരസിച്ചാൽ നഷ്‌ടം തിയറ്ററുകൾക്കുമാത്രം.

താരവില കുറയ്‌ക്കണം
മലയാളത്തിൽ വലിയ സിനിമകൾ ഉണ്ടാകാത്തതിന്‌ കാരണം ഉയർന്ന താരപ്രതിഫലമാണ്‌. അഞ്ചുകോടി ബജറ്റുള്ള സിനിമയുടെ മൂന്നുകോടിയും താരവിലയാണ്‌. ബാക്കി രണ്ടുകോടിക്കാണ്‌ ചിത്രമെടുക്കുന്നത്‌. അത്‌ എത്രമാത്രം തിയറ്റർ അനുഭവം നൽകുമെന്ന്‌ പറയേണ്ടതില്ല. വമ്പൻ പ്രൊഡക്‌ഷന്‌ പണമില്ലെന്നാണ്‌ നിർമാതാക്കൾ പറയുന്നത്‌. നിർമാതാക്കളുടെ കൂട്ടുസംരംഭത്തിലൂടെ അത്‌ പരിഹരിക്കാം. അത്തരം സംരംഭങ്ങൾക്ക്‌ തിയറ്റർ ഉടമകളുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന്‌ നിർമാതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ അറിയിച്ചെന്നും സുമേഷ്‌ ജോസഫ്‌ പറഞ്ഞു.

Related posts

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

Aswathi Kottiyoor

സൗരോർജ വൈദ്യുതി തൂക്കുവേലി നിർമിക്കണമെന്ന് ആവശ്യം

നാട്ടറിവും നാട്ടുവൈദ്യ സംഗമവും സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox