തലശേരി ടൗണ്‍ പൊലിസിനെതിരെ തനിക്കും ഭര്‍ത്താവിനും നേരെ സദാചാര അക്രമണം നടത്തിയെന്ന യുവതിയുടെ ഗുരുതര ആരോപണത്തിൽ തലശേരി എസ്ഐ, സിഐ എന്നിവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണമാരംഭിച്ചു. തലശേരി എ. സി. പി വിഷ്ണു പ്രദീപാണ് പരാതി അന്വേഷിക്കുന്നത്. സംഭവം സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും വിവാദമായതിനെ തുടര്‍ന്നാണ് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
രാത്രിയില്‍ കടലോര വാക്ക് വേയില്‍ ഇരിക്കുകയായിരുന്ന തങ്ങള്‍ക്കു നേരെ സദാചാര സംരക്ഷകര്‍ ചമഞ്ഞ് പൊലീസ് മര്‍ദ്ദിക്കുകയും ഇതിനു ശേഷം അറസ്റ്റ് ചെയ്തുവെന്നുമാണ് മുഖ്യമന്ത്രി, ഡി. ജി. പി , കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
എരുവട്ടി സ്വദേശികളായ യുവദമ്പതിമാരായ മേഘ, പ്രത്യൂഷ് എന്നിവര്‍ക്കാണ് പൊലീസില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. രാത്രി കടല്‍ പാലം കാണാന്‍ പോയതിന് പിന്നാലെ പൊലീസില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്നാണ് പരാതി.
പൊലീസില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായപ്പോള്‍ തിരികെ ചോദ്യങ്ങള്‍ ചോദിച്ചു. പിന്നാലെ പൊലീസ് അസഭ്യവര്‍ഷം നടത്തുകയും സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഭര്‍ത്താവിനെ മര്‍ദിച്ചെന്നും മേഘ പറയുന്നു.