നടനും നിർമാതാവുമായ വിജയ് ബാബുവിനു മുൻകൂർ ജാമ്യം നൽകിയതിനെതിരേ കേരള സർക്കാരും പരാതിക്കാരിയും നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്നു വാദം കേൾക്കും. ജസ്റ്റീസുമാരായ ഇന്ദിര ബാനർജി, ജെ.കെ. മഹേശ്വരി എന്നിവർ ഉൾപ്പെട്ട ബെഞ്ചിനു മുന്നിലാണ് ഇന്നലെ വിഷയം ഉന്നയിച്ചത്. സംസ്ഥാന സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് ഹാജരായത്.
കേസിൽ പ്രതിസ്ഥാനത്തുള്ള ആൾ ആദ്യം ദുബായിലേക്കും പിന്നീട് ജോർജിയയിലേക്ക് കടന്നിരുന്നു. പിന്നീട് പാസ്പോർട്ട് പിടിച്ചു വയ്ക്കും എന്ന സ്ഥിതി വന്നതോടെയാണ് മടങ്ങി വരാൻ തയാറായത്. മാത്രമല്ല ജൂലൈ മൂന്നു വരെ അന്വേഷണത്തിനും വിലക്കുണ്ടായിരുന്നു. അതിനാൽ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ജയദീപ് ഗുപ്ത ആവശ്യപ്പെട്ടു. വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ പരാതിക്കാരിയുടെ പേരു വെളിപ്പെടുത്തുകയും കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തുവെന്ന് അവരുടെ അഭിഭാഷകൻ രഘേന്ത് ബസന്ത് ചൂണ്ടിക്കാട്ടി. മുൻകൂർ ജാമ്യം അനുവദിച്ചതു കൊണ്ട് വിജയ്ബാബു വീണ്ടും അന്വേഷണത്തിൽനിന്നു രക്ഷപ്പെട്ട് ഒളിവിൽ പോകാൻ ഇടയുണ്ടെന്നും വ്യക്തമാക്കി.
കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ തന്നെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു രാജ്യം വിട്ടയാളാണ് വിജയ് ബാബു. ഇത്തരം കേസുകളിൽ ജാമ്യം അനുവദിക്കുന്നത് പണവും സ്വാധീനവും ഉള്ള ആളുകൾക്ക് ഗുരുതര കൃത്യങ്ങൾ ചെയ്തശേഷം പോലീസ് നടപടികളിൽനിന്നു രക്ഷപ്പെടാൻ സഹായിക്കുന്നതും അനീതിയുമാണ്. സിനിമ മേഖലയിലുള്ള സ്വാധീനം ഉപയോഗിച്ച് പരാതിക്കാരിയുടെ മേൽ വിജയ് ബാബു സമ്മർദം ചെലുത്താനും ശ്രമിച്ചിരുന്നു. മാത്രമല്ല, തന്റെ സ്വാധീനം ഉപയോഗിച്ച് പ്രതി തെളിവുകൾ നശിപ്പിക്കാനും ഇടയുണ്ട്. അതിനാൽ, മുൻകൂർ ജാമ്യം നൽകിയത് റദ്ദാക്കി വിജയ് ബാബുവിനെ അന്വേഷണത്തിന് വിട്ടു കൊടുക്കണമെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.