കെ–- ഫോണിന് ഇന്റർനെറ്റ് സേവനദാതാവാകാനുള്ള ഐഎസ്‌പി (ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ) ലൈസൻസ് തിങ്കളാഴ്‌ച ലഭിച്ചേക്കും. കേന്ദ്ര ടെലികോം മന്ത്രാലയമാണ് ലൈസൻസ് നൽകുന്നത്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്ലാണ് കെ–- ഫോണിന് ബാൻഡ് വിഡ്‌ത് നൽകുക.
സേവനദാതാക്കളെ തെരഞ്ഞെടുക്കാനുള്ള ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്‌താണ് ബിഎസ്‌എൻഎൽ കരാർ ഉറപ്പിച്ചത്. 10 ജിബിപിഎസ് ബാൻഡ് വിഡ്‌ത് 88 ലക്ഷം രൂപയ്‌ക്ക് നൽകും. ഒരു വർഷത്തേക്കാണ് കരാർ. അഞ്ചു കമ്പനി പങ്കെടുത്ത ടെൻഡറിൽ ജിയോയും അമേരിക്കൻ കമ്പനിയായ സിഫിയും അടക്കം ഒരു കോടിക്കു മുകളിലാണ് ക്വാട്ട് ചെയ്‌തത്.
ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള 20 ലക്ഷം കുടുംബത്തിന് സംസ്ഥാന സർക്കാർ സൗജന്യമായി ഇന്റർനെറ്റ് നൽകുന്ന പദ്ധതിക്ക് കെ–-ഫോൺ മറ്റൊരു ടെൻഡറും വിളിച്ചിട്ടുണ്ട്. അഞ്ചു കമ്പനി ഇതിൽ യോഗ്യത നേടി. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 14,000 കുടുംബത്തിനാണ് സൗജന്യ ഇന്റർനെറ്റ് നൽകുന്നത്. 15 എംബിപിഎസ് വേഗത്തിൽ ദിവസം 1.5 ജിബി ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. കൂടുതൽ ഉപയോഗത്തിന് പണം അടയ്‌ക്കണം.