22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വികസനത്തിനു മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദാന്തരീക്ഷം അനിവാര്യം: മന്ത്രി വി. ശിവൻകുട്ടി
Kerala

വികസനത്തിനു മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദാന്തരീക്ഷം അനിവാര്യം: മന്ത്രി വി. ശിവൻകുട്ടി

വികസനം സാധ്യമാകുന്നതിനു മികച്ച തൊഴിലാളി – തൊഴിലുടമ സൗഹൃദാന്തരീക്ഷം അനിവാര്യമാണെന്നു തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ ചവിട്ടിമെതിച്ചു തൊഴിൽ മേഖലയിൽ സമാധാനം സൃഷ്ടിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. രണ്ടാം ദേശീയ തൊഴിൽ കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ സംബന്ധിച്ച് തൊഴിൽ വകുപ്പ് സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

29 തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ചു പാർലമെന്റ് പാസാക്കിയ നാലു തൊഴിൽ കോഡുകളിലുമുള്ള ചില വ്യവസ്ഥകൾ അന്തർദേശീയ തൊഴിൽ സംഘടന അംഗീകരിച്ച പ്രമാണങ്ങൾക്കു നിരക്കാത്തതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ നിലവിലുള്ള ന്യായമായ ചില അവകാശങ്ങൾ ലംഘിക്കുന്ന രീതിയിലാണു ലേബർ കോഡുകൾ തയാറാക്കിയിരിക്കുന്നത്. തൊഴിൽ എന്നതു ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമായതിനാൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും ഈ വിഷയത്തിൽ നിയമങ്ങൾ നിർമിക്കാൻ അധികാരമുണ്ട്. സംസ്ഥാനത്ത് 87 തൊഴിൽ മേഖലകൾ മിനിമം വേതന ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷെഡ്യൂൾഡ് എംപ്ലോയ്മെന്റ് അടിസ്ഥാനമാക്കി മിനിമം വേതനം നിശ്ചയിക്കുന്നതിനു പകരം വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ ഹൈലി സ്‌കിൽഡ്, സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺ സ്‌കിൽഡ് എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ച് മിനിമം വേതനം നിശ്ചയിക്കുന്ന രീതിയാണു പുതിയ കോഡ് ഓൺ വേജസിലുള്ളത്. ഇങ്ങനെ വേതനം നിർണയിക്കുമ്പോൾ സംസ്ഥാനത്തു നിലവിലുള്ള എല്ലാ തൊഴിൽ മേഖലകളിലെയും മിനിമം വേതന നിർണയം സങ്കീർണമാകാൻ സാധ്യതയുണ്ട്.

നിലവിലുള്ള ബോണസ് ആക്ട് പ്രകാരം പത്തിൽ കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കു ബോണസ് നൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. പുതിയ കോഡ് ഓൺ വേജസ് അനുസരിച്ച് പത്തിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ബോണസ് നൽകാൻ സർക്കാരിനുണ്ടായിരുന്ന പ്രത്യേക അധികാരം എടുത്തു കളഞ്ഞു. നിയമം പ്രബല്യത്തിൽ വരുമ്പോൾ നിലവിൽ ബോണസ് ബാധകമായിരിക്കുന്ന പല സ്ഥാപനങ്ങളും ഇതിന്റെ പരിധിയിൽ നിന്നും ഒഴിവാകുന്ന സാഹചര്യമുണ്ട്. സംസ്ഥാന നിയമസഭ പാസാക്കിയ 1972 ലെ കേരള ഉപജീവന ബത്ത നൽകൽ നിയമപ്രകാരം 180 ദിവസത്തിനു ശേഷവും സസ്പെൻഷനിൽ കഴിയുന്ന ഒരു തൊഴിലാളിക്ക് മുഴുവൻ വേതനത്തിനും അവകാശമുണ്ടായിരുന്നു. എന്നാൽ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിലെ വകുപ്പ് 38(3) പ്രകാരം പരമാവധി ലഭിക്കാവുന്ന ഉപജീവന ബത്ത ആകെ വേതനത്തിന്റെ 75 ശതമാനമായി നിജപ്പെടുത്തിയിരിക്കുകയാണ്.

സോഷ്യൽ സെക്യൂരിറ്റി കോഡിലും ഒക്കുപേഷണൽ സേഫ്റ്റി കോഡിലും തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ നിലനിൽക്കുന്നുണ്ട്. ലേബർ കോഡുകളുടെ പരിശോധനാ വേളയിൽ, പാർലമെന്റിന്റെ ലേബർ സ്റ്റാൻഡിങ് കമ്മിറ്റി സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങൾ ചോദിച്ചിരുന്നു. തൊഴിലാളി താൽപര്യം സംരക്ഷിക്കുന്ന നിർദേശങ്ങളാണു കേരള സർക്കാർ നൽകിയത്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഏർപ്പെടുത്തുന്നതു സംബന്ധിച്ചും ട്രേഡ് യൂണിയൻ രൂപീകരിക്കാനുള്ള അവകാശങ്ങൾ പരിമിതപ്പെടുന്നതിലും ആശങ്ക നിലനിൽക്കുന്നുണ്ട്.

100 പേർ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളെ പിരിച്ചുവിടാനോ ലേ ഓഫ് ചെയ്യാനോ നിലവിലുള്ള വ്യവസായ തർക്ക നിയമം അനുസരിച്ചു സർക്കാരിന്റെ മുൻകൂർ അനുമതി വേണമായിരുന്നു. പുതിയ കോഡുകൾ നിലവിൽ വരുമ്പോൾ 300 പേർ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളെ പിരിച്ചു വിടാനോ ലേ ഓഫ് ചെയ്യാനോ സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്നാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. തൊഴിലാളികളെ പിരിച്ചുവിടുന്നതിനു 30 ദിവസം മുതൽ 90 ദിവസം മുൻപു വരെ നോട്ടീസ് നൽകണമെന്ന വ്യവസ്ഥയിലും വ്യത്യാസം വന്നിട്ടുണ്ട്. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്ന രാജ്യാന്തര തലത്തിൽ അംഗീകരിച്ച രീതിയാണ് രാജ്യം ഇതുവരെ തുടർന്നുപോന്നത്. എന്നാൽ ഇതിനു കടക വിരുദ്ധമായാണു ജോലി സമയം 12 മണിക്കൂർ വരെയാക്കി ഉയർത്താനുള്ള വ്യവസ്ഥ കോഡിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാരിന്റെ കരട് നിയമത്തിൽ ട്രേഡ് യൂണിയൻ നേതാക്കൻമാർ, മാനേജ്മെന്റ് പ്രതിനിധികൾ, നിയമ വിദഗ്ധർ, നിയമ വിദ്യാർഥികൾ, വിവിധ തൊഴിലാളി ക്ഷേമ ബോർഡുകളിലെ ചെയർമാൻമാർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, ഈ മേഖലയിലെ വിദഗ്ദ്ധർ തുടങ്ങിയവർ ചർച്ചകൾ നടത്തി. തൊഴിലാളികളുടെ അവകാശങ്ങളെ നിഷേധിച്ച് അവരെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിൽ തൊഴിൽ കോഡുകൾ വേഗത്തിൽ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ശിൽപ്പശാലയുടെ സമാപന സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടാകുന്നതിന് വിലങ്ങുതടിയാകുന്നത് തൊഴിലാളികളോ നിയമങ്ങളോ അല്ലെന്നും രാജ്യത്തെ സാമ്പത്തികസ്ഥിതിയുടെ പ്രശ്നമാണെന്നും ചർച്ചകളുടെ ക്രോഡീകരണ റിപ്പോർട്ട് അവതരിപ്പിച്ച് പാർലമെന്ററി ലേബർ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എളമരം കരീം എം.പി പറഞ്ഞു. തൊഴിൽ നിയമങ്ങളിലെ ചട്ടങ്ങൾ അനുവദിച്ചു നൽകുന്ന അവകാശങ്ങൾ തൊഴിലാളികൾക്ക് നഷ്ടമാകാതിരിക്കാനുള്ള നടപടികളിലേക്കാണ് ഭരണകൂടത്തിന്റെ ശ്രദ്ധപോകേണ്ടത്. തിരക്കിട്ട് തൊഴിൽ കോഡുകൾ പാസാക്കുന്നതിനു പിന്നിൽ അസ്വഭാവികതയുണ്ടെന്നും എം.പി പറഞ്ഞു.

തൊഴിൽ നിയമങ്ങളെക്കുറിച്ചു ജനങ്ങൾക്കു ബോധവത്കരണം നൽകുന്നതിനും തൊഴിൽ സംബന്ധിച്ച തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനുമായി വകുപ്പ് രൂപീകരിച്ച ‘തൊഴിൽ സേവാ’ ആപ്പിന്റെയും അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനായി പുറത്തിറക്കുന്ന ‘കേരള അതിഥി പോർട്ടലി’ന്റെയും ഉദ്ഘാടനം ചടങ്ങിൽ മന്ത്രി നിർവഹിച്ചു. തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങിൽ പ്ലാനിങ് ബോർഡ് അംഗം ഡോ. കെ. രവിരാമൻ, തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ ടി.വി. അനുപമ, അഡിഷണൽ ലേബർ കമ്മിഷണർ ബിച്ചു ബാലൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

എ കെ ആന്റണി ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കും

Aswathi Kottiyoor

സ്വകാര്യ വാഹനത്തിൽ ആർമി സ്റ്റിക്കർ! പിടിവീഴുമെന്ന് ആർടിഒ

Aswathi Kottiyoor

കാർഷിക നിയമങ്ങൾ കേന്ദ്രസര്‍ക്കാർ പിൻവലിക്കുന്നതെങ്ങനെ? നടപടികളെന്ത്?.

Aswathi Kottiyoor
WordPress Image Lightbox