കണ്ണൂർ ∙ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ പിടിയിലായ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്കിനു (28) റെയിൽവേ ജീവനക്കാരിൽ നിന്നു സഹായം ലഭിച്ചിരുന്നോ എന്നതും പൊലീസ് അന്വേഷിക്കും. ബിൻഷയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ ഇത്തരത്തിലുള്ള സൂചന ലഭിച്ചതിനാലാണ് ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നത്. കേസിലെ പ്രധാന പ്രതിയെന്നു കരുതുന്ന ‘മാഡത്തെ’ കണ്ടെത്താനുള്ള ശ്രമത്തിലാണു ടൗൺ പൊലീസ്.
തട്ടിപ്പിനു പിന്നിലെ ബുദ്ധികേന്ദ്രമായ ഇവർ കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായാണു ചോദ്യം ചെയ്യലിൽ ബിൻഷ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നത്. ഫെയ്സ്ബുക്ക് വഴിയാണ് മാഡവുമായി ഇവർ ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് പറഞ്ഞു. റെയിൽവേയിൽ ടിടിഇ, ക്ലർക്ക്, ഓഫിസ് സ്റ്റാഫ് എന്നിങ്ങനെ ജോലി വാഗ്ദാനം ചെയ്തു 15,000 രൂപ മുതൽ 50,000 വരെ വാങ്ങി വഞ്ചിച്ചു എന്നാണു പരാതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ തട്ടിപ്പിന് ഇരയായതായാണു വിവരം.