ന്യൂഡല്‍ഹി: പ്രവാചകനെതിരായ വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതാവ് നൂപുര്‍ ശര്‍മക്കെതിരേ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. പരാമർശത്തില്‍ നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി പറഞ്ഞു.
ഉദയ്പുര്‍ കൊലപാതകം ഉള്‍പ്പെടെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം നൂപുര്‍ ശര്‍മയുടെ പ്രസ്താവനയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പാര്‍ട്ടി വക്താവ് എന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സല്ലെന്നും പ്രസ്താവന പിന്‍വലിച്ച് രാജ്യത്തോട് മാപ്പുപറയണമെന്നും കോടതി ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗത്ത് തന്റെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ സുപ്രീം കോടതിയെ സമീപിച്ചത്. വിവിധ എഫ്‌ഐആര്‍, ഒറ്റ എഫ്‌ഐആറാക്കി മാറ്റണമെന്നും കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ശക്തമായ പരാമര്‍ശവും വിമര്‍ശനവുമാണ് നൂപുര്‍ ശര്‍മക്ക് സുപ്രീം കോടതിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടിവന്നത്.തികച്ചും അപക്വമായ പ്രസ്താവനയാണ് നൂപുര്‍ ശര്‍മയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല എന്നിവരടങ്ങുന്ന ബഞ്ച് വിമര്‍ശിച്ചു. അപക്വമായ പ്രസ്താവന രാജ്യത്ത് വലിയ തോതിലുള്ള അക്രമങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചതായി ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഉദയ്പുരിലുണ്ടായ ദാരുണ സംഭവത്തിന് പോലും വഴിവെച്ചത് ഈപ്രസ്താവനയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.ഒരു വാര്‍ത്ത ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ചാനല്‍ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് നൂപുര്‍ ശര്‍മയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് ചാനല്‍ അവതാരകനെതിരേ നടപടി സ്വീകരിച്ചില്ലെന്നും കോടതി ചോദിച്ചു. പ്രസ്താവന പിന്‍വലിച്ച് ഖേദം രേഖപ്പെടുത്തിയെന്ന് അഭിഭാഷകന്‍ വ്യക്തമാക്കിയെങ്കിലും കോടതി അതില്‍ തൃപ്തി പ്രകടിപ്പിച്ചില്ല.